IPL 10: മാക്‍സ്‌വെല്‍ ആയിരുന്നോ പ്രശ്‌നക്കാരന്‍ ?; തോറ്റ് തുന്നം പാടിയതിന് പിന്നാലെ പൊട്ടിത്തെറിച്ച് സെവാഗ്

തിങ്കള്‍, 15 മെയ് 2017 (15:21 IST)
പൂനയോട് തോറ്റ് ഐപിഎല്ലില്‍ നിന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബ് പുറത്തായതിനെത്തുടര്‍ന്ന് ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ ടീം മെന്റര്‍ വീരേന്ദ്രര്‍ സെവാഗ് രംഗത്ത്. ക്യാപ്‌റ്റന്‍ ഗ്ലെന്‍ മാക്‍സ്‌വെല്‍ അടക്കമുള്ള താരങ്ങള്‍ ജയിക്കാനുറച്ചുള്ള പ്രകടനം നടത്തിയില്ല. ഒരു താരവും അവരുടെ ഉത്തരവാദത്വം നിറവേറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന വിദേശ താരങ്ങള്‍ ഉള്‍പ്പെടയുള്ളവര്‍ക്ക് തോല്‍‌വികളില്‍ പല കാരണങ്ങളും നിരത്താനുണ്ടാകും. ഷോണ്‍ മാര്‍ഷ്, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഇയാന്‍ മോര്‍ഗന്‍, മാക്‍സ്‌വെല്‍ എന്നീ താരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമായിരുന്നു. എന്നാല്‍ ഇവരാരും ഉത്തരവാദിത്വം കാണിച്ചില്ലെന്നും സെവാഗ് പറഞ്ഞു.

ഇരുപത് ഓവര്‍ ബാറ്റ് ചെയ്യണമായിരുന്നു. പിച്ച് നല്ലതോ മോശമോ എന്നതല്ല, അവിടെ കളിക്കുക എന്നതാണ് പ്രധാനം. നല്ല പിച്ചില്‍ കളിക്കുക എന്നത് തന്നെ ഭാഗ്യമാണ്. ടീമിന്റെ തോല്‍‌വിയില്‍ താന്‍ നിരാശനാണെന്നും പൂനെയ്‌ക്കെതിരായ  മത്സരശേഷം വാര്‍ത്താ സമ്മേളനത്തില്‍ സെവാഗ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക