ലഡാക്കില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് പട്ടാളവും ഏറ്റുമുട്ടി - ദൃശ്യങ്ങള്‍ പുറത്ത്

Webdunia
ഞായര്‍, 20 ഓഗസ്റ്റ് 2017 (10:21 IST)
ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ ലഡാക്കില്‍ ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഇരു ഭാഗത്തേയും സൈനികര്‍ പരസ്പരം തൊഴിക്കുന്നതും ഇടിക്കുന്നതും കല്ലെറിയുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങളുടെ ആധികാരികത സൈനികവൃത്തങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു. സംഘര്‍ഷമുണ്ടായി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം പുറത്ത് വന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
 
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും കരസേനയിലെ സൈനികരുമാണ് ചൈനീസ് സൈന്യത്തെ ചെറുത്തു തോല്‍പ്പിച്ചത്. രണ്ട് ഡസന്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും മൂന്ന് ഡസനോളം ഇന്ത്യന്‍ ആര്‍മി ജവാന്‍മാരും സംഘര്‍ഷത്തിലുണ്ടായിരുന്നതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ചൈനീസ് പട്ടാളത്തിന്റെ എണ്ണവും ഏകദേശം തുല്യമായിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
ഇന്ത്യന്‍ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് പോങ്‌ഗോങ് തടാകക്കരയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. അതിര്‍ത്തി കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് പട്ടാളത്തെയാണ് ഇന്ത്യന്‍ സൈന്യം ചെറുത്തത്. രണ്ട് മണിക്കൂറോളം സംഘര്‍ഷം നീണ്ടു നിന്നു. ഇരുരാജ്യങ്ങളും അതിര്‍ത്തി ലംഘിക്കുന്നതായി പരസ്പരം കുറ്റപ്പെടുത്താറുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടുന്നത്.  
Next Article