ചിലിയിലെ സാന്‍ജോസ് ഖനിയില്‍ എഴുപത് ദിവസം ശ്വാസമടക്കി ജീവിച്ച മുപ്പത്തിമൂന്ന് തൊഴിലാളികളും അത്ഭുതകരമായി പുറത്തുവന്ന ദൃശ്യം ലോകം ഇക്കഴിഞ്ഞ ദിവസമാണ് ടെലിവിഷനിലൂടെയും നെറ്റിലൂടെയും കോടിക്കണക്കിന് ആളുകള്‍ ശ്വാസമടക്കിപ്പിടിച്ച് കണ്ടത്. ആശുപത്രിവാസത്തിന് ശേഷം പുതുജീവിതത്തിലേക്ക് തിരിച്ചെത്തിയ ഖനിത്തൊഴിലാളികള്‍ ഇപ്പോള്‍ മൌനവൃതത്തിലും വീട്ടിനുള്ളില്‍ ഒളിവിലും ആണെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഖനിക്കുള്ളില്‍ എന്തൊക്കെയാണ് സംഭവിച്ചത് എന്നതിനെ പറ്റി ഒരൊറ്റയക്ഷരം ഇവര്‍ മിണ്ടുന്നില്ലെത്രെ.
ഖനിക്കുള്ളില്‍ തൊഴിലാളികള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമങ്ങളെ തൊഴിലാളികളുടെ കുടുംബങ്ങള്‍ ആട്ടിയോടിക്കുകയാണെത്രെ. രക്ഷപ്പെട്ട മുപ്പത്തിമൂന്ന് പേരും അവരവരുടെ വീടുകള്‍ക്കുള്ളില്‍ ഒളിച്ച് താമസിക്കുകയാണ്. ആര്‍ക്കും ഇവരോട് സംസാരിക്കാന്‍ ആകുന്നില്ല. കാരണമെന്തെന്നല്ലേ? ടെലിവിഷനായാലും പത്രമായാലും പോര്‍ട്ടലായാലും, തങ്ങള്‍ ഖനിക്കുള്ളില്‍ ഇരുട്ടടഞ്ഞ ആഴങ്ങളില്‍ അനുഭവിച്ച കഷ്ടപ്പാടും നിരാശയും പങ്കുവയ്ക്കണമെങ്കില്‍, പണം വേണം എന്നാണ് തൊഴിലാളികളുടെ ഡിമാന്‍ഡ്.
ഫോട്ടോ എടുക്കണമെങ്കിലോ തങ്ങളോട് സംസാരിക്കണമെങ്കിലോ കോടിക്കണക്കിന് രൂപ തരേണ്ടിവരും എന്നാണ് തൊഴിലാളികള്‍ പറയുന്നത്. തങ്ങളുടെ അനുഭവങ്ങള്‍ എന്തൊക്കെ തരത്തില്‍ വിറ്റുകാശാക്കാം എന്ന് വിശകലനം ചെയ്യാന്‍ മുപ്പത്തിമൂന്ന് തൊഴിലാളികളും കൂടി ഒരു അനലിസ്റ്റിനെ സമീപിച്ചിട്ടുണ്ടത്രേ.
ഖനിയില്‍ നിന്ന് പുറത്ത് വരുന്നതിന് മുമ്പേ, തങ്ങളുടെ ദുരന്താനുഭവവും അത്ഭുതകരമായ രക്ഷപ്പെടലും എത്ര പണം കൊണ്ടുവരും എന്നതിനെ പറ്റി തൊഴിലാളികള്‍ ചര്‍ച്ച നടത്തിയിരുന്നു. മാധ്യമങ്ങള്‍ക്ക് നല്‍കുന്ന അഭിമുഖങ്ങള്‍, ഫോട്ടോകള്‍, ഒന്നോ രണ്ടോ സിനിമാക്കഥകള്‍, അഞ്ചോളം പുസ്തകങ്ങള്‍ തുടങ്ങി, തങ്ങളുടെ ഖനിയനുഭവം കാശാക്കി മാറ്റാന്‍ പറ്റുന്ന വിവിധ മേഖലകളെ പറ്റി വിശദമായി ഇവര്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതനുസരിച്ചാണ്, തൊഴിലാളികള്‍ ഇപ്പോള്‍ മൌനം അവലംബിക്കുന്നതും വീട്ടിനുള്ളില്‍ ഒളിച്ച് കഴിയുന്നതും. കിട്ടുന്ന പൈസ തുല്യമായി ഭാഗിക്കാനാണ് തൊഴിലാളികളുടെ പ്ലാന്‍.
ഖനിക്കുള്ളില്‍ നടന്നതിനെ പറ്റി കുടുംബാംഗങ്ങളോട് പോലും പറയാന്‍ ഇവര്‍ തയ്യാറായിട്ടില്ല. മാധ്യമപ്പടയാകട്ടെ ഇവരുടെ വീടുകള്‍ക്ക് മുന്നില്‍ തമ്പടിച്ചിരിക്കുകയാണ്. ഖനിയനുഭവം സിനിമയാക്കാന്‍ ചില ഹോളിവുഡ് കമ്പനികള്‍ തൊഴിലാളികളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവരികയാണ്. ചില പുസ്തകപ്രകാശനക്കമ്പനികളും രംഗത്തുണ്ട്. എന്നാല്‍ പൈസാക്കാര്യത്തില്‍ ഒരു തീരുമാനമാകുന്നതുവരെ ഒന്നും നടക്കില്ലെന്ന് തൊഴിലാളികള്‍ തീര്‍ത്ത് പറഞ്ഞുകഴിഞ്ഞു.