അന്യഗ്രഹജീവികളും യൂട്യൂബില്‍ അക്കൗണ്ട് തുടങ്ങി. ഞെട്ടാന്‍ വരട്ടെ. സംഭവം സത്യമാണോയെന്ന് അറിയാനുള്ള തീവ്രശ്രമത്തിലാണ് ലോകമൊട്ടാകെയുള്ള ടെക്കികളും ബിബിസിയും. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ 80,000 ല്‍ അധികം വീഡിയോകള്‍ അപ്‌ലോഡ് ചെയ്ത ഒരു അക്കൗണ്ടാണ് ഇവരെ കുഴയ്ക്കുന്നത്. 2013 സെപ്റ്റംബര്‍ 23ന് യൂട്യൂബില്‍ വിചിത്രമായ ഒരു വീഡിയോ അപ് ലോഡ് ചെയ്താണ് വെബ്‌ഡ്രൈവര്‍ ടോഴ്‌സോ യൂട്യൂബ് അക്കൗണ്ട് തുടങ്ങിയത്. എന്താണ് ഈ യൂട്യൂബില്‍ ഉള്ളതെന്ന് ഒന്ന് പരിശോധിക്കാം, മനുഷ്യന് ആസ്വദിക്കാന്‍ പറ്റുന്ന യാതൊന്നും ഈ വീഡിയോകളില്‍ ഇല്ല.
ഒരോ വീഡിയോയും പരിശോധിച്ചാല്‍ നീലയും ചുവപ്പും നിറങ്ങള്‍ നിറഞ്ഞ ചതുരങ്ങളും ഒപ്പം ഏതോ കമ്പ്യൂട്ടിംഗ് യന്ത്രത്തില്‍ നിന്നെന്ന പോലെ പല മോഡുലേഷനിലുള്ള ബീപ് ശബ്ദവും. കാണുന്ന ഏതൊരാള്‍ക്കും അനായാസം അവഗണിക്കാവുന്ന ഒന്നായി തോന്നിയേക്കാം, എന്നാല്‍ ഒരു മണിക്കൂറിനു ശേഷം വീണ്ടും മറ്റൊന്ന് എന്നരീതിയില്‍ ദിവസങ്ങളോളം മാസങ്ങളോളം ആയിരക്കണക്കിനു വീഡിയോകള്‍ ഈ അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്യപ്പെടുകയാണ്. ഇത് ഇപ്പോള്‍ 80,000 ല്‍ അധികം വീഡിയോകളായിരിക്കുന്നു. എല്ലാറ്റിലും ഉള്ളത് ചുവപ്പും നീലയും കളങ്ങളും ബീപ് ശബ്ദവും മാത്രം. മറ്റൊരു കൗതുകകരമായ കാര്യം, ഫ്രാന്‍സിന്റെ പതാകയിലുള്ളപോലെ വെളുത്ത പ്രതലത്തില്‍ രണ്ടു വശങ്ങളിലായി ക്രമീകരിച്ച നീലയും ചുവപ്പും കള്ളികളാണ് ഈ വീഡിയോകളിലും ഉള്ളത്.
എട്ടുമാസമായി ഇത്രയും വീഡിയോകള്‍, എന്നാല്‍ ഇതില്‍ അര്‍ത്ഥമാക്കുന്നത് എന്ത്, ആര് അപ് ലോഡ് ചെയ്യുന്നു ഈ കാര്യങ്ങള്‍ ഇപ്പോഴും അജ്ഞാതം. എന്തായാലും ഇത്രയധികം വീഡിയോകളുള്ള ഈ ചാനല്‍ പ്രമുഖ കംപ്യുട്ടര്‍ വിദഗ്ദന്മാരും പ്രമുഖ മാധ്യമങ്ങളും ശ്രദ്ധിച്ചു തുടങ്ങി. ബോയിംഗ് ബോയിംഗ് എന്ന ടെക്‌നിക്കല്‍ വെബ്‌സൈറ്റ് കാര്യം ഗൗരവമായെടുത്തു, അവര്‍ എല്ലാ വീഡിയോകളും അവയുടെ പൊതു സ്വഭാവങ്ങളും അപഗ്രഥിച്ച് എത്തിച്ചേര്‍ന്ന നിഗമനം ഇങ്ങനെ; വെബ്‌ഡ്രൈവര്‍ ടോഴ്‌സോ ഒരു നവീന നമ്പര്‍ സ്‌റ്റേഷനാണ്. നമ്പര്‍ സ്‌റ്റേഷന്‍ എന്നത് ശീതയുദ്ധക്കാലത്ത് ചാരന്മാര്‍ തമ്മില്‍ ആശയവിനിമയം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന അതീവ രഹസ്യ രീതിയാണ്. 'കോഡ് ' അറിയുന്നവര്‍ക്കുമാത്രം 'ഡീക്രിപ്റ്റ് ' ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്നതായിരുന്നു ഇവ.
മാധ്യമ ഭീമന്‍ ബിബിസിയും ഒരു വിശദമായ അന്വേഷണം ആരംഭിച്ചു. അവര്‍ എല്ലാ വീഡിയോകളുടെയും വിശദ വിവരങ്ങള്‍ യു ടുബില്‍ നിന്ന് ഡൌണ്‍ ലോഡ് ചെയ്ത് ക്രോഡീകരിച്ച് അപഗ്രഥനത്തിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍ വളരെ വിചിത്രമാണ്. വെബ്‌ഡ്രൈവര്‍ ടോഴ്‌സോ ക്ഷീണം ലവലേശമില്ലാത്ത അങ്ങേയറ്റം ജോലിയോട് ആത്മാര്‍ഥതയുള്ളതും സ്ഥിരതയുള്ളതുമാണ്. ക്രിസ്തുമസ് ദിനങ്ങളില്‍ പോലും വീഡിയോകള്‍രണ്ടു മിനിറ്റില്‍ ഒന്ന് എന്ന ക്രമത്തില്‍ അപ് ലോഡ് ചെയ്യുന്നുണ്ടായിരുന്നുവത്രേ. എന്നാല്‍ പിന്നില്‍ ആരെന്നുള്ളത് അജ്ഞാതം.