Facebook and Instagram: മെറ്റയുടെ കീഴിലുള്ള ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും മണിക്കൂറുകളോളം പണി മുടക്കിയത് എന്തുകൊണ്ടാണ്? ഇന്ത്യന്‍ സമയം ഇന്നലെ രാത്രി എട്ടരയോടെയാണ് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടത്. ഫെയ്‌സ്ബുക്ക് തനിയെ ലോഗ് ഔട്ട് ആകുകയായിരുന്നു. യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ നല്‍കി വീണ്ടും ലോഗ് ഇന്‍ ചെയ്യാനായി നോട്ടിഫിക്കേഷന്‍ വന്നു. എന്നാല്‍ എത്ര തവണ ലോഗ് ഇന്‍ ചെയ്യാന്‍ ശ്രമിച്ചിട്ടും ഫലം കണ്ടില്ല.
ഇന്‍സ്റ്റഗ്രാമില്‍ ആകട്ടെ പുതിയ സ്റ്റോറികള്‍ ലോഡ് ആകുന്നതിനാണ് ബുദ്ധിമുട്ട് നേരിട്ടത്. രണ്ട് മണിക്കൂറിലേറെ സമയമെടുത്തിട്ടാണ് ഒടുവില്‍ സാങ്കേതിക തകരാറുകള്‍ പരിഹരിക്കപ്പെട്ടത്. ' ഒരു സാങ്കേതിക തകരാര്‍' എന്ന് മാത്രമാണ് മെറ്റയുടെ പ്രതിനിധികള്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. ' ഞങ്ങളുടെ ചില സര്‍വീസുകള്‍ ആക്‌സസ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് പ്രയാസം നേരിട്ടതായി ശ്രദ്ധയില്‍പ്പെട്ടു. പ്രശ്‌നം ഉടന്‍ തന്നെ പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ആളുകള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഞങ്ങള്‍ ക്ഷമാപണം നടത്തുന്നു,' മെറ്റ പ്രതിനിധി അറിയിച്ചു.
മെറ്റ പ്ലാറ്റ്‌ഫോമുകള്‍ ഹാക്ക് ചെയ്തു എന്ന തരത്തില്‍ ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് അടിസ്ഥാന രഹിതമാണെന്ന് അധികൃതര്‍ പറയുന്നു. നെറ്റ് വര്‍ക്ക് പരാജയമോ ഹാക്കിങ്ങോ നടന്നിട്ടില്ലെന്നാണ് മെറ്റയുടെ വിശദീകരണം. 2021 ലും സമാനമായ സാങ്കേതിക തകരാര്‍ ഫെയ്‌സ്ബുക്കില്‍ നേരിട്ടിരുന്നു.