വാനാക്രൈ ആക്രമണം: മോചനദ്രവ്യം കൊടുക്കാതെ പൂട്ടിയ ഫയലുകൾ തുറക്കാൻ പ്രോഗ്രാം വികസിപ്പിച്ചതായി വിദഗ്ധർ

Webdunia
ശനി, 20 മെയ് 2017 (07:33 IST)
ലോകം മുഴുവൻ വാനാക്രൈ റാൻസം വൈറസിന്റെ ആക്രമണം ഭയന്നു കഴിയുന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍ വാനാക്രൈ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ രണ്ടു പ്രോഗ്രാമുകൾ ഫ്രാൻസിൽ നിന്നുള്ള വിദഗ്ധർ വികസിപ്പിച്ചതായി റിപ്പോർട്ട്. വാനാക്രൈ പൂട്ടിയ ഫയലുകൾ മോചനദ്രവ്യം കൊടുക്കാതെ തുറക്കാൻ സാധിക്കുന്ന വാനാകിവി (WannaKivi), വാനാകീ (WannaKey) എന്നീ പ്രോഗ്രാമുകളാണ് വികസിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
 
വാനാക്രൈ ബാധിച്ചെന്ന് ഉറപ്പുവന്നാല്‍ കംപ്യൂട്ടർ റീസ്റ്റാർട്ട് ചെയ്തില്ലെങ്കിൽ മാത്രമേ ഈ സംവിധാനം ഉപയോഗിക്കാൻ കഴിയൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡീക്രിപ്റ്റ് ചെയ്യാനുള്ള കോഡ് കംപ്യൂട്ടറിൽനിന്നു വീണ്ടെടുക്കുന്ന രീതിയാണ് ഇതിലുള്ളത്. പ്രത്യേകതരം പ്രൈവറ്റ് കീ ഉപയോഗിച്ചായിരുന്നു കംപ്യൂട്ടറിലെ ഫയലുകൾ വാനാക്രൈ പൂട്ടിയിരുന്നത്. 
 
ഈ കീ അപ്രത്യക്ഷമായാലും അതുമായി ബന്ധപ്പെട്ട ചില നമ്പറുകൾ കംപ്യൂട്ടറിനുള്ളിലുണ്ടാകും. ആ നമ്പറുകള്‍ പ്രയോജനപ്പെടുത്തിയാണ് പുതിയ പ്രോഗ്രാമിന്റെ സഹായത്തോടെ കീ വീണ്ടെടുക്കുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം എല്ലാ കംപ്യൂട്ടറുകളിലും ഇതു പ്രവർത്തിക്കുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെങ്കിലും വാനാകീ കാര്യക്ഷമമാണെന്നാണ് പല സുരക്ഷാവിദഗ്ധരും വിലയിരുത്തുന്നത്.  
Next Article