ഐ‌എസ് ഭീകരര്‍ പിടിച്ചെടുത്ത എണ്ണപ്പാടങ്ങള്‍ അമേരിക്ക തകര്‍ത്തു

വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (11:55 IST)
ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ പിടിച്ചെടുത്ത കിഴക്കന്‍ സിറിയയിലെ എണ്ണപ്പാടങ്ങളും ശുദ്ധീകരണ ശാലകളും യുഎസ് വ്യോമാക്രമണം. ഐഎസിന്റെ പ്രധാന വരുമാന കേന്ദ്രങ്ങള്‍ തകര്‍ക്കുകയും സിറിയയിലും ഇറാഖിലുമായി അവര്‍ പിടിച്ചടക്കിയ മേഖലകളില്‍ അവരുടെ പ്രവര്‍ത്തനം തടയുകയും ലക്‍ഷ്യമിട്ടായിരുന്നു ആക്രമണം. ഐ‌എസ് ഭീകരരെ നശിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ലോകത്തോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണം ശക്തമാക്കിയത് ഐ‌എസ് ഭീകരര്‍ക്ക് കനത്ത ആഘാതമാണ് തീര്‍ക്കുന്നത്.
 
സിറിയ സര്‍ക്കാരിനു കീഴില്‍ നേരത്തേ പ്രവര്‍ത്തിച്ചിരുന്ന 12 എണ്ണശുദ്ധീകരണശാലകളായിരുന്നുഐഎസിന്റെ പ്രധാന വരുമാന സ്രോതസ്. ഈ വര്‍ഷം ആദ്യം ഭീകരര്‍ പിടിച്ചെടുത്ത ഈ ശാലകളില്‍ നിന്ന് എണ്ണ വിറ്റ് പ്രതിദിനം 20 ലക്ഷം ഡോളര്‍ (12 കോടിയിലേറെ രൂപ) ആയിരുന്നു ഭീകരര്‍ സമ്പാദിച്ചിരുന്നത്. എണ്ണപ്പാടങ്ങള്‍ തകര്‍ന്നതോടെ ഈ വരുമാനസ്രോതസ് അടയും. 
 
തുടര്‍ച്ചയായ വ്യോമാക്രമണത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ 14 ഭീകരരും അവരുടെ ബന്ധുക്കളും അടക്കം 19 പേര്‍ കൊല്ലപ്പെട്ടു. ഇതിനു പുറമേ, ഐഎസിന്റെ പിടിയിലുള്ള പ്രദേശങ്ങളിലെല്ലാം ആക്രമണം നടന്നു. കൂടുതല്‍ ആക്രമണം ഭയന്നു 150 ബന്ദികളെ ഐഎസ് വിട്ടയച്ചു. 
 
ഇതിനിടെ, ഇറാഖില്‍ ഫ്രാന്‍സും ആക്രമണം ആരംഭിച്ചിട്ടുണ്ട്. തുര്‍ക്കിയോടു ചേര്‍ന്നുകിടക്കുന്ന കുര്‍ദ് മേഖലയിലെ കൊബാനി നഗരം പിടിച്ചെടുക്കാന്‍ ഐഎസ് നടത്തിയ മുന്നേറ്റം കുര്‍ദ് സേന തകര്‍ത്തു. തെക്കുനിന്ന് ആക്രമിച്ച പോരാളികളെ 15 കിലോമീറ്ററോളം പിന്നോട്ടു പായിക്കുകയും ചെയ്തു. 12 ഐഎസ് ഭീകരരും എട്ടു കുര്‍ദ് പടയാളികളും കൊല്ലപ്പെട്ടു. മേഖലയില്‍ നിന്ന് ഇതുവരെ 1.40 ലക്ഷം കുര്‍ദുകളാണു തുര്‍ക്കിയിലേക്കു പലായനം ചെയ്തത്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക