'നിങ്ങള്‍ എന്ത് വൃത്തികേടാണ് ഇവിടെ ചെയ്യുന്നത്?' 'ഈ സൂര്യകാന്തി വിത്ത് പോക്കറ്റില്‍ സൂക്ഷിക്കുക, നിങ്ങള്‍ മരിക്കുമ്പോള്‍ അതെങ്കിലും വളരട്ടെ'; റഷ്യന്‍ പട്ടാളക്കാരനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി യുക്രൈന്‍ വനിത

വെള്ളി, 25 ഫെബ്രുവരി 2022 (14:35 IST)
യുക്രൈനിലെ റഷ്യന്‍ സൈനിക നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. യുക്രൈനിലെ സാധാരണക്കാരും റഷ്യന്‍ സൈനികര്‍ക്കെതിരെ രംഗത്തെത്തി. റഷ്യന്‍ സൈനികനെതിരെ രൂക്ഷ ഭാഷയില്‍ സംസാരിക്കുന്ന യുക്രൈന്‍ വനിതയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
തെരുവില്‍ നില്‍ക്കുന്ന റഷ്യന്‍ സൈനികനെ ചോദ്യം ചെയ്യുന്ന യുക്രൈന്‍ വനിതയെയാണ് വീഡിയോയില്‍ കാണുന്നത്. 'നിങ്ങളൊക്കെ ആരാണ്?' എന്നാണ് വനിത സൈനികരോട് ചോദിക്കുന്നത്. തങ്ങള്‍ റഷ്യന്‍ സൈനികരാണെന്നും ഇവിടെ രാവിലെ വ്യായാമം ചെയ്യാന്‍ എത്തിയതാണെന്നും സൈനികന്‍ ഈ സ്ത്രീയോട് പറയുന്നു. ഞങ്ങള്‍ ഇവിടെ വ്യായാമം ചെയ്യുന്നതിനാല്‍ നിങ്ങള്‍ മറ്റൊരു വഴിയിലൂടെ പോകൂ എന്നാണ് സൈനികന്‍ യുക്രൈന്‍ വനിതയോട് പറയുന്നത്. 
 
ഉടനെ തന്നെ ആ സൈനികന്റെ മുഖത്ത് നോക്കി, 'നിങ്ങള്‍ എന്തൊക്കെ വൃത്തികേടാണ് ഇവിടെ ചെയ്തുകൂട്ടുന്നത്' എന്ന് യുക്രൈന്‍ വനിത ചോദിക്കുന്നു. നിങ്ങള്‍ പിടിച്ചടക്കുന്നവരും ഫാസിസ്റ്റുകളുമാണെന്ന് സ്ത്രീ സൈനികന്റെ മുഖത്തു നോക്കി പറഞ്ഞു. 

Ukrainian woman confronts Russian soldiers in Henychesk, Kherson region. Asks them why they came to our land and urges to put sunflower seeds in their pockets [so that flowers would grow when they die on the Ukrainian land] pic.twitter.com/ztTx2qK7kB

— UkraineWorld (@ukraine_world) February 24, 2022
' നിങ്ങള്‍ എന്ത് വൃത്തികേടാണ് ഞങ്ങളുടെ മണ്ണില്‍ ഈ ആയുധങ്ങള്‍ വെച്ച് ചെയ്യുന്നത്? ഈ സൂര്യകാന്തി വിത്ത് വാങ്ങൂ. ഇത് നിങ്ങളുടെ പോക്കറ്റില്‍ സൂക്ഷിക്കൂ. നിങ്ങളൊക്കെ മരിക്കുമ്പോള്‍ ഈ വിത്തുകള്‍ മണ്ണില്‍ കിടന്ന് മുകളച്ച് ഏറ്റവും ചുരുങ്ങിയ പക്ഷം കുറച്ച് സൂര്യകാന്തി പൂക്കളെങ്കിലും ഉണ്ടാകട്ടെ,' എന്നാണ് റഷ്യന്‍ സൈനികനോട് യുക്രൈന്‍ വനിത പറയുന്നത്. ഇന്റര്‍ന്യൂസ് യുക്രൈന്‍ എന്ന പേജാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍