യുക്രൈന്‍;ഡോണെറ്റ്സ് പ്രവിശ്യാ ആസ്ഥാനം റഷ്യന്‍ അനുകൂലികള്‍ ഏറ്റെടുത്തു

Webdunia
ശനി, 31 മെയ് 2014 (11:43 IST)
യുക്രൈന്‍െറ കിഴക്കന്‍ മേഖലയായ ഡോണെറ്റ്സ്കിലെ സര്‍ക്കാര്‍ പ്രവിശ്യാ ആസ്ഥാനം വിമതരില്‍നിന്ന് റഷ്യന്‍ അനുകൂല അര്‍ധ സൈനിക വിഭാഗമായ വോസ്റ്റോക് ബറ്റാലിയന്‍ പിടിച്ചെടുത്തു. ഇതൊടെ സ്ഥലത്ത് ഏതു നിമിഷവും ഉക്രൈന്‍ സേന ആക്രമണം നടത്തിയേക്കുമെന്ന് ഭയന്ന് പ്രദേശവാസികള്‍ പലായനം ചെയ്യാന്‍ തുടങ്ങി.

നേരത്തേ, ഡോണെറ്റ്സ്ക് വിമാനത്താവളം പിടിച്ച വിമതര്‍ ഇതിനോട് ചേര്‍ന്ന കടകള്‍ കൊള്ളയടിച്ചെന്ന് ആരോപിച്ചാണ് വോസ്റ്റോക് ബറ്റാലിയന്‍ പ്രവിശ്യാ ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. പ്രദേശത്ത് കഴിഞ്ഞ ദിവസം യുക്രൈന്‍ സൈനിക ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതിനെ തുടര്‍ന്ന് സൈനിക ജനറല്‍ അടക്കം 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ആസ്ഥാന മന്ദിരത്തിനു ചുറ്റും സൈനികരെ വിന്യസിച്ചതിനു പുറമെ ചെറുത്തുനില്‍പിന് ശക്തിപകരാന്‍ ചുറ്റുമുണ്ടായിരുന്ന ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഉക്രൈന്‍ ഡോണെറ്റ്സ്ക് വിമാനത്താവളം തിരിച്ചുപിടിക്കാന്‍ നടന്ന പോരാട്ടത്തില്‍ 35 ഓളം വിമതര്‍ കൊല്ലപ്പെട്ടിരുന്നു. സമാനമായി സര്‍ക്കാര്‍ ആസ്ഥാനം തിരിച്ചുപിടിക്കാനുള്ള സൈനിക നടപടിയിലും രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ഭയന്നാണ് വോസ്റ്റോക് ബറ്റാലിയന്‍ പ്രതിരോധം ശക്തമാക്കിയത്.