കണ്ടെയ്‌നറില്‍ മനുഷ്യക്കടത്ത്; 35 ഇന്ത്യക്കാര്‍ അവശനിലയില്‍

ഞായര്‍, 17 ഓഗസ്റ്റ് 2014 (11:48 IST)
എസ്സെക്‌സിലെ ടിര്‍ബറി തുറമുഖത്തടുപ്പിച്ച കണ്ടെയ്‌നറില്‍ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 35 ഇന്ത്യക്കാരെ കണ്ടെത്തി. ഇതില്‍ ഒരാള്‍ മരിച്ച നിലയിലാണ്. എല്ലാവരും അവശനിലയിലാണ്  ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനുഷ്യക്കടത്താണെന്ന  സംശയത്തില്‍ നരഹത്യയ്ക്ക് കേസ് എടുത്ത് രാജ്യാന്തര അന്വേഷണം ആരംഭിച്ചു.

ബെല്‍ജിയത്തില്‍നിന്ന് ലണ്ടനിലേക്കു വന്ന ചരക്കകപ്പലിന്റെ കണ്ടെയിനറിലാണ് ഇവരെ കണ്ടെത്തിയത്. കണ്ടെയിനറില്‍നിന്ന് നിലവിളികളും ഞരക്കവും കേട്ടെത്തിയ സുരക്ഷാ ജീവനക്കാരാണ് ഇവരെ കണ്ടെത്തിയത്. നിര്‍ജലീകരണവും അമിത ഉഷ്ണവും കാരണം അവശരായ ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കപ്പലിലെ മറ്റ് കണ്ടെയിനറുകളിലും പരിശോധന നടത്തിയെങ്കിലും ആളുകളെയൊന്നും കണ്ടെത്തിയില്ല. നോര്‍സ്ട്രീം എന്ന കമ്പനിയുടേതാണ് കപ്പല്‍. ബെല്‍ജിയത്തിലെ സീബര്‍ഗ് തുറമുഖത്ത് നിന്ന് വെളളിയാഴ്ച പുലര്‍ച്ചെയാണ് കണ്ടെയിനര്‍ കപ്പലില്‍ കയറ്റിയതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ശനിയാഴ്ച കാലത്താണ് കപ്പല്‍ തുറമുഖത്തെത്തിയത്.

വെബ്ദുനിയ വായിക്കുക