കാബൂള്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണം

വ്യാഴം, 17 ജൂലൈ 2014 (10:07 IST)
കാബൂള്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഭീകരാക്രമണം. വിമാനത്താവളത്തിലെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം പിടിച്ചെടുത്ത ഭീകരര്‍ സ്‌ഫോടനങ്ങളും യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് വെടിവയ്പ്പ് നടത്തി. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സ്ഥിതിഗതി വൈകാതെ നിയന്ത്രണത്തിലാകുമെന്ന് ആഭ്യന്തരസഹമന്ത്രി ജനറല്‍ ആയൂബ് സാലങ്കി അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.
 
നാറ്റോ നേതൃത്വം നല്‍കുന്ന ഇന്റര്‍നാഷണല്‍ സെക്യുരിറ്റി അസിസ്റ്റന്‍സ് ഫോഴ്‌സിന്റെ സൈനിക താവളത്തിന് സമീപമാണ് ഏറ്റുമുട്ടല്‍ നടക്കുന്ന വിമാനത്താവളം. വന്‍തോതില്‍ ആയുധങ്ങളുമായാണ് തീവ്രവാദികള്‍ വിമാനത്താവളത്തില്‍ കടന്നിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
 
അതേസമയം, വിമാനത്താവളത്തില്‍ നിന്നുള്ള ആഭ്യന്തര സര്‍വീസുകള്‍ നിര്‍ത്തിവച്ചു. വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങള്‍ മറ്റിടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ഇന്നലെ അഫ്ഗാനിസ്ഥാനിലെ തെക്കുകിഴക്കന്‍ മേഖലയില്‍ ഒരു മാര്‍ക്കറ്റിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 42 പേര്‍ കൊല്ലപ്പെട്ടിരുന്നു. 
 

വെബ്ദുനിയ വായിക്കുക