മൌലാന ഫസല്ലയെ കാണിച്ച് കൊടുത്താല്‍ ഒരു കോടി പാരിതോഷികം

ബുധന്‍, 7 ജനുവരി 2015 (14:01 IST)
പാക് താലിബാന്‍ തലവനും പെഷാവര്‍ ആക്രമണത്തിന്റെ സൂത്രധാരനുമായ മൌലാന ഫസലുല്ലയെ കുറിച്ച് ശരിയായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യ സര്‍ക്കാരാണ് ‘റേഡിയോ മുല്ല’ എന്ന പേരിലും അറിയപ്പെടുന്ന ഫസലുല്ലയുടെ തലയ്ക്ക് പുതിയ വിലയിട്ടത്.

മൌലാന ഫസലുല്ലയൊടൊപ്പമുള്ള മറ്റ് 615 തീവ്രവാദികളെ കൂടി പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് മൊത്തം 76 കോടി രൂപ പാരിതോഷികമായി നല്‍കുമെന്ന് പ്രവിശ്യ വാര്‍ത്താവിതരണ മന്ത്രി മുശ്താഖ് ഗനി അറിയിച്ചു. 2013ല്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ തലവനായിരുന്ന ഹാകിമുല്ല മെഹ്സൂദ് കൊല്ലപ്പെട്ടതോടെയാണ് പാക് താലിബാന്റെ തലവനായത്.

പെഷാവര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മൌലാന ഫസലുല്ല കൂടുതല്‍ പ്രശസ്തി ആര്‍ജിച്ചത്. പാക് ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന താലിബാന്‍ ഭീകരരെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ പെഷാവര്‍ ആക്രമണത്തെക്കാളും വലിയ ആക്രമണം നടത്തുമെന്ന് ഫസലുല്ല പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇയാളുടെ തലയ്ക്ക് സര്‍ക്കാര്‍ വിലയിട്ടത്.

പാക് ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന താലിബാന്‍ ഭീകരരെ അന്വേഷണ വിഭാഗം ക്രൂരമായി മര്‍ദ്ദിക്കുന്നത് അവസാനിപ്പിക്കണമെന്നും. അല്ലാത്ത പക്ഷം അതിലും വലിയ ആക്രമണം രാജ്യത്ത് ഏത് നിമിഷവും നടത്തുമെന്നുമാണ് കഴിഞ്ഞ ദിവസം ഒരു വിഡിയോയിലൂടെ ഫസലുല്ല പറഞ്ഞത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക