ജിഹാദാണ് ഭീകരവാദികളുടെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ ഭീകര സംഘടനകള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസവും അനിഷ്ടവും നിലനില്‍ക്കുന്നു എന്നത് പലപ്പോഴും പരസ്യമായിട്ടുള്ളതാണ്. ഇപ്പോഴിതാ പെഷവാര്‍ സ്കൂള്‍ ആക്രമിച്ച് 149 വിദ്യാര്‍ഥികളെ കൂട്ടക്കുരുതി നടത്തിയ പാക് താലിബാനെ ആഗോള തീവ്രവാദികളായ അല്‍ ക്വായ്‌ദ തള്ളിപ്പറഞ്ഞിരിക്കുന്നു. താലിബാന്റെ പ്രവൃത്തി ഹൃദയം തകേര്‍ത്തെന്നാണ് അല്‍ ക്വായ്‌ദ പറഞ്ഞിരിക്കുന്നത്.
സ്‌കൂളില്‍ കുട്ടികളെ കൂട്ടക്കൊല നടത്തിയ പാക് താലിബാന്റെ നടപടിയെ അപലപിച്ചു കൊണ്ട് അല്‍ ക്വായ്‌ദ മാധ്യമങ്ങള്‍ക്ക് അയച്ച നാലുപേജ് വരുന്ന പ്രസ്താവനയിലാണ് സംഭവത്തെ സംഘടന തള്ളിപ്പറഞ്ഞിരിക്കുന്നത്. വേദന കൊണ്ടു തകര്‍ന്നു പോയെന്ന് വ്യക്‌തമാക്കിയ അല്‍ ക്വായ്‌ദ സൈനികരേയും സുരക്ഷാ ഉദ്യോഗസ്‌ഥരേയും മാത്രമേ ലക്ഷ്യം വെയ്‌ക്കാവു എന്ന് തങ്ങളുടെ സൈനികരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.
അമേരിക്കന്‍ അടിമത്തത്തിന് കീഴില്‍ പെട്ട് ഇസ്ലാമിക വംശങ്ങളെ ഇല്ലാതാക്കുന്ന കാര്യത്തില്‍ പാക്‌സേന സകല അതിരുകളും ഭേദിച്ചിരിക്കുകയാണ്. എന്നിരുന്നാലും അതിനുള്ള മറുപടി ഇസ്ലാമികളെ കൊന്നുകൊണ്ടല്ല നിര്‍വ്വഹിക്കേണ്ടിരുന്നത്. പ്രവാചകന്റെ എതിരാളിയായ അമേരിക്കയാണ് പ്രധാന എതിരാളി. എന്നാല്‍ കുട്ടികളെയും വനിതകളെയും ലക്ഷ്യം വെയ്‌ക്കാന്‍ പാടില്ലായിരുന്നെന്നും അല്‍ ക്വായ്‌ദ വിമര്‍ശിച്ചു.
നിഷ്‌ക്കളങ്കരായ കുട്ടികളെ കൊന്നൊടുക്കുന്നത് അനിസ്ലാമികമാണെന്ന് കാണിച്ച് പാക് താലിബാന്റെ പ്രവര്‍ത്തിയെ നേരത്തേ അഫ്‌ഗാന്‍ താലിബാനും അപലപിച്ചിരുന്നു. സ്കൂള്‍ ആക്രമിച്ചത് പാക് സേനയുടെ സൈനിക നീക്കത്തിനുള്ള മറുപടിയെന്നായിരുന്നു പാക് താലിബാന്‍ ഇതിന് ന്യായീകരണം പറഞ്ഞത്. ഇനിയും ഇത്തരം ആക്രമണങ്ങള്‍ നടത്തുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.