അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക തീവ്രവാദികളായ താലിബാനില്‍ അധികാര തര്‍ക്കം രൂക്ഷമായെന്ന് റിപ്പോര്‍ട്ടുകള്‍. അധികാര തര്‍ക്കം ഏറ്റുമുട്ടലിലേക്ക് വഴിമാറിയതായും സംഘര്‍ഷത്തില്‍ മുന്‍ നേതാവ് മുല്ലാ ഒമറിന്റെ മകന്‍ മുല്ല യാക്കൂബ് കൊല്ലപ്പെട്ടതായാണ് വിവരം. മുല്ല ഒമര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്താന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് യാക്കൂബിന്റെ മരണവും പുറത്തുവന്നിരിക്കുന്നത്.
താലിബാനുള്ളിലെ അധികാര തര്‍ക്കമാണ് 22 കാരനായ മുല്ല യാക്കൂബിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പുതിയ മേധാവി ആരാകണമെന്നതിനെ ചൊല്ലി മുല്ല യാക്കൂബും നിലവിലെ മേധാവി മുല്ല മന്‍സൂറുമായി രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നു. ഈ തര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറുകയും യാക്കൂബ് കൊല്ലപ്പെടുകയുമായിരുന്നു.
പിതാവിന്റെ പിന്‍ഗാമിയായി സംഘടനയെ നയിക്കാന്‍ യാക്കൂബ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ സ്ഥാനമോഹിയായ മന്‍സൂര്‍ ഇത് തടയാനുള്ള നീക്കം നടത്തുകയായിരുന്നു. ഇതോടെ മുല്ല ഒമറിന്റെ സഹോദരന്‍ മുല്ല അബ്ദുള്‍ മനാനും മകന്‍ മുല്ല യാക്കൂബും മറ്റൊരു ചേരിയിലേക്ക് മാറി. നാല് ദിവസം മുമ്പ് നടന്ന നേതൃയോഗത്തില്‍ നിന്ന് അബ്ദുള്‍ മനാനും യാക്കൂബും ഇറങ്ങിപ്പോയിരുന്നു. ഇതിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് യാക്കൂബ് കൊല്ലപ്പെട്ടതെന്നാണ് സൂചന.
പാകിസ്ഥാനിലെ ക്വേട്ടയില്‍ ഒരു യോഗത്തിനിടെയാണ് മുല്ല യാക്കൂബ് കൊല്ലപ്പെട്ടത്. അഫ്ഗാന്‍ ന്യൂസ് ഏജന്‍സിയായ 'ടോളോ ന്യൂസ്' ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം മന്‍സൂറിന്റെ നേതൃത്വം അംഗീകരിക്കാന്‍ താലിബാനുള്ളില്‍ വിമുഖതയുള്ളവരും ഉണ്ട്. ഇതിനകം മൂന്നോ നാലോ തവണ താലിബാന്‍ യോഗത്തിനിടെ ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടെന്നും മുല്ല ഒമറിന്റെ മരണവാര്‍ത്ത മറച്ചുവച്ചതില്‍ നേതൃത്വത്തോട്അണികള്‍ക്ക് വിയോജിപ്പുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടെന്ന് അഫ്ഗാന്‍ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കര്‍ സഹീര്‍ കദീര്‍ പറഞ്ഞു.