സൂര്യൻ ഉദിക്കുമ്പോൾ അറിയാതെ ഉണരും അസ്തമിക്കുമ്പോൾ ഉറങ്ങും, ശരീരത്തിലെ ജീവന്റെ ശക്തി സൂര്യൻ തന്നെ; അപൂർവ്വ രോഗവുമായി പാകിസ്താനിലെ സോളാർ കിഡ്സ്

ശനി, 7 മെയ് 2016 (13:26 IST)
സൂര്യോദയ സമയത്ത് അറിയാതെ ഉണരുകയും സൂര്യാസ്തമയ സമയത്ത് അറിയാതെ മയങ്ങി വീഴുകയും ചെയ്യുന്ന അപൂർവ്വ രോഗം പാകിസ്താനിൽ. ബലൂജിസ്താനിലെ മിയാന്‍ കുന്തിയിലെ മൂന്ന് സഹോദരങ്ങളിലാണ് ഈ അപൂർവ്വങ്ങളിൽ അപൂർവമായ രോഗം കണ്ടെത്തിയിരിക്കുന്നത്. സോളാർ കിഡ്സ് എന്ന് അറിയപ്പെടുന്ന സഹോദരങ്ങൾ മൂന്നുപേരും എഴുന്നേൽക്കുന്നതും ഉറങ്ങുന്നതും ഒരുമിച്ച്, ഒരേ സമയം.
 
ഹാഷിമിന്റെ മക്കളിൽ പതിനൊന്നും ഒമ്പതും ഒന്നും വയസ്സുള്ള ഷുഹൈബ്, റാഷിദ്, ഇല്ല്യാസ് എന്നിവരിലാണ് ശാസ്ത്രലോകത്തിന് തന്നെ വിചിത്രമായ രോഗം പിടിപെട്ടിരിക്കുന്നത്. സൂര്യൻ ഉദിക്കുന്ന സമയത്ത് ഉറക്കം വിട്ടെണീക്കുന്ന സഹോദരങ്ങൾ പഠനകാര്യത്തിലും പിതാവിനെ കൃഷിയിൽ സഹായിക്കുന്ന കാര്യത്തിലും ഏറെ മിടുക്കരാണ്. സൂര്യൻ മങ്ങുമ്പോൾ കുട്ടികളുടെ ഉത്സാഹവും നിറം മങ്ങി പോകുകയാണ്.
 
അവരുടെ അസുഖത്തെ കുറിച്ച് അവര്‍ ബോധവാന്‍മാരാണെന്നും അവര്‍ അതിനോട് പൊരുത്തപ്പെട്ടിരിക്കുകയാണെന്നും ഹാഷിം പറയുന്നു. ഹാഷിമിന്റെ മറ്റ് രണ്ട് പെണ്‍കുട്ടികള്‍ക്കും ഒരു മകനും ഈ രോഗം ബാധിച്ചിട്ടില്ല എന്നത് മറ്റൊരു വസ്തുതയാണ്. മെഡിക്കല്‍ സയന്‍സിലെ ആദ്യത്തെ കേസാണ് ഇവരുടെതെന്നും പാക് ഡോക്ടര്‍മാരുടെ വിദഗ്ധസംഘം പറയുന്നു. ഈ രോഗം എന്താണെന്ന് മെഡിക്കല്‍ ലോകം  ഇതുവരെ  കണ്ടുപിടിച്ചിട്ടില്ല. നിരവധി പരിശോധനകളും പരീക്ഷണങ്ങളും നടത്തിയെങ്കിലും ഈ രോഗമെന്താണെന്ന് ശാസ്ത്രത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക