ഈസ്റ്റർ ദിനത്തിൽ കൊളംബോയിലുണ്ടായ സ്ഫോടനങ്ങളിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. ലോകാഷാനി, നാരായൺ ചന്ദ്രശേഖർ, രമേശ് എന്നിവരാണ് മരിച്ചത്. ഇവരെകൂടാതെ ശ്രീലങ്കൻ പൗരത്വമുള്ള മലയാളി പി എസ് റസീനയും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതുവരെ 207 പേർ കൊല്ലപ്പെട്ടതായും 450ൽ ലധികം പേർക്ക് പരിക്കേറ്റതായും ശ്രീലങ്കൻ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സ്ഫോടനത്തിൽ പങ്കുള്ളതായി സംശയിക്കുന്ന 13പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. നിലവിലെ സ്ഥിതി ഗതികളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ സർക്കാർ നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങൾക്കും 12 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രമുഖ ക്രിസ്ത്യൻ പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമാണ് ചാവേർ സ്ഫോടനങ്ങൾ നടന്നത്. പ്രാദേശിക സമയം രാവിലെ 8.45 ഓടെയാണ് ആറ് സ്ഫോടനങ്ങൾ ഉണ്ടായത്. 35 വിദേശികളടക്കം 185 പേർ കൊല്ലപ്പെട്ടതായി എന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയെ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ അപലപിച്ചിരുന്നു.