മധ്യ ശ്രീലങ്കയിലെ ബാദുള്ള ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും നൂറിലേറെപ്പേര്‍ മരിച്ചു. 300ലേറെ പേരെ കാണാതായി. ഇതിനോടകം 16 മൃതദേഹങ്ങള്‍ കണ്ടെത്തി. 140 വീടുകള്‍ തകര്‍ന്നതയാണ് റിപ്പോര്‍ട്ടുകള്‍. പ്രതികൂല കാലാവസ്ഥമൂലം രക്ഷാപ്രവര്‍ത്തനം കഴിഞ്ന ദിവസം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പ്രവര്‍ത്തനം പുനരാരംഭിച്ചു.
തലസ്ഥാനമായ കൊളംബോക്ക് 200 കിമീ അകലെ ഹല്‍ദമുള്ള ഗ്രാമത്തിലെ മീരിയ ബഡ്ഡ തേയിലത്തോട്ടത്തിലാണ് മണ്ണിടിച്ചില്‍. ബുധനാഴ്ച പ്രാദേശികസമയം രാവിലെ ഏഴരയോടെയാണ് ആദ്യം ഉരുള്‍പൊട്ടലുണ്ടായത്. 30 അടി ഉയരത്തില്‍വരെ മണ്ണും മറ്റവശിഷ്ടങ്ങളും വന്നടിഞ്ഞു. മലമ്പ്രദേശമായ ഇവിടെയുള്ള തേയിലതോട്ടത്തിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും. കുട്ടികളെ സ്കൂളില്‍ വിട്ട് തിരികെയെത്തിയ രക്ഷിതാക്കളാണ് ദുരന്തത്തില്‍പെട്ടവരില്‍ ഏറെയുമെന്നും പ്രദേശത്തെ എം പി ഉദിത് ലോകുബന്ദാര അറിയിച്ചു.
ഗ്രാമത്തില്‍ രണ്ടുകിലോമീറ്റര്‍ ദൂരത്തിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മേഖലയിലൂടെയുള്ള ദേശീയപാതയുടെ ഒരുഭാഗം ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തനത്തിനായി 500 സൈനികര്‍ മേഖലയിലെത്തിയിട്ടുണ്ട്. ഇതിനുപുറമേ എല്ലാ സജ്ജീകരണങ്ങളും ഇവിടേക്ക് എത്തിച്ചുകഴിഞ്ഞതായി പ്രസിഡന്റ് മഹിന്ദ രാജപക്‌സെ 'ട്വിറ്ററി'ല്‍ കുറിച്ചു. നൂറിലേറെപ്പേര്‍ അവശിഷ്ടങ്ങള്‍ക്കിടയിലുണ്ടെന്ന് ദുരന്തനിവാരണവകുപ്പ് മന്ത്രി മഹീന്ദ അമരവീര പറഞ്ഞു. ഇവരിലാരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വൈദ്യുതിബന്ധം നിലച്ചതിനാല്‍ മേഖല ഇരുട്ടിലാണ്. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇനിയും മണ്ണിടിച്ചിലുണ്ടാകാമെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. കാലവര്‍ഷത്തെത്തുടര്‍ന്ന് ദിവസങ്ങളായി ഇവിടെ കനത്തമഴ തുടരുകയാണ്. ജൂണില്‍ ശ്രീലങ്കയിലുണ്ടായ കനത്ത മഴയില്‍ 22 പേര്‍ മരിക്കുകയും 1000 ത്തോളം പേര്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു.