സ്‌പെയിനില്‍ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള കാറ്റലോണിയന്‍ വിഘടനവാദികളുടെ ശ്രമങ്ങള്‍ക്ക് ഭരണഘടന കോടതിയുടെ തിരിച്ചടി. കാറ്റലോണിയയെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ച് പ്രാദേശിക പാര്‍ലമെന്റ് പാസാക്കിയ പ്രമേയം ഭരണഘടന കോടതി തള്ളിയതോടെയാണ് വിഘടനവാദികളുടെ ആഗ്രഹങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്‌ത്തിയത്. വിഘടനവാദികളെ എതിർത്തു കൊണ്ട് സ്‌പെയിന്‍ സർക്കാർ സമർപ്പിച്ച ഹര്‍ജി വാദം കേൾക്കാനായി കോടതി ഫയലിൽ സ്വീകരിച്ചു.
സ്‌പെയിനിലെ സമ്പന്നമായ സ്വയംഭരണ മേഖലയാണ് കാറ്റലോണിയ. ദേശീയ വരുമാനത്തിലേക്ക് കാറ്റലോണിയ നൽകുന്ന 18.82 ശതമാനം വരുമാന വിഹിതത്തിന്‍റെ ആനുപാതികം സ്‌പെയിന്‍ സര്‍ക്കാരില്‍ നിന്ന് കിട്ടുന്നില്ലെന്ന പരാതിയില്‍ നിന്നാണ് കാറ്റലോണിയയുടെ സ്വതന്ത്ര്യദാഹം തുടങ്ങുന്നത്. ഫ്രാന്‍സിനോട് അതിര്‍ത്തി പങ്കിടുന്ന കാറ്റലോണിയയില്‍ ബാഴ്‌സലോണയടക്കം നാല് പ്രവിശ്യകളാണുള്ളത്. പ്രാദേശിക തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ സ്വതന്ത്ര രാജ്യം വേണമെന്ന് ജനങ്ങൾ വിധിയെഴുതുകയും ചെയ്തു. ഇതുപ്രകാരമാണ് കാറ്റിലോനിയൻ പാർലമെന്‍റ് സ്വാതന്ത്ര്യ പ്രഖ്യാപന പ്രമേയം പാസാക്കിയത്. സ്വതന്ത്ര്യ രാജ്യമായി പ്രഖ്യാപിക്കണമെന്ന് പ്രമേയം പ്രാദേശിക പാര്‍ലമെന്റില്‍ പാസാക്കി. ഇതിനെ ചോദ്യം ചെയ്താണ് സ്‌പെയ്ന്‍ സര്‍ക്കാര്‍ ഭരണഘടന കോടതിയെ സമീപിച്ചത്.
രാജ്യത്തെ അസ്ഥിരപ്പെടുത്താനും ഐക്യം തകർക്കാനും വിഘടനവാദികൾ നടത്തിയ ശ്രമങ്ങൾക്ക് ഏറ്റ തിരിച്ചടിയാണ് കോടതി ഉത്തരവെന്ന് സ്പെയ്ൻ പ്രസിഡൻറ് മാരിയാനോ റജോയ് പ്രതികരിച്ചു. അസമത്വം നേരിടുന്ന ഒരു ജനതയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമെന്നായിരുന്നു കാറ്റലോണിയന്‍ നേതാവ് ആര്‍തര്‍ മാസിന്റെ പ്രതികരണം.