ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ കനാലുമായി സൗദി അറേബ്യ

Webdunia
വെള്ളി, 22 ഏപ്രില്‍ 2016 (11:51 IST)
ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ കനാൽ പദ്ധതിക്കുള്ള നീക്കങ്ങ‌ളുമായി സൗദി അറേബ്യ രംഗത്ത്. അറേബ്യൻ ഗൾഫുമായുള്ള എണ്ണ നീക്കത്തിന് വേണ്ടിയുള്ള മാർഗം കണ്ടെത്തുന്നതിനായി അറബിക്കട‌ൽ വഴി പാത കണ്ടെത്തുകയാണ് സൗദിയുടെ ലക്ഷ്യം. 1000 കിലോമീറ്റർ നീളമുള്ള കൃത്രിമ കനാലാണ് ഹോർമുസ് കടലിടുക്കിനെ ഒഴുവാക്കി നിർമിക്കുന്ന പദ്ധതി ലക്ഷ്യമിടുന്നത്.
 
കൃത്രിമ കനാൽ പദ്ധതിക്കായുള്ള ആലോചനകൾ ഏഴു വർഷം മുൻപ് നടത്തിയിരുന്നെങ്കിലും കാര്യമായ മുന്നേറ്റങ്ങ‌ളോ പ്രാബല്യത്തിൽ വരുത്തുവാനുള്ള തീരുമാനങ്ങ‌ളോ സ്വീകരിച്ചിരുന്നില്ല. പദ്ധതിക്ക് പല ഉദ്ദേശങ്ങ‌ളാണുള്ളത്. ആണവോർജം ഉപയോഗിച്ച് സമുദ്രജല ശുദ്ധീകരണം, കൃഷി, വൈദ്യുതി ഉൽപാദനം എന്നിവയും പദ്ധതിയുടെ പരിഗണനയിലുണ്ട്.
 
അറേബ്യൻ ഗൾഫിലേക്കുള്ള കനാൽ അറബിക്കടലിൽ നിന്നും തുടങ്ങി യെമൻ വഴി സൗദിയിലെ 'റൂബ് അൽ-ഖാലി' എന്ന മരുഭൂമി വഴിയാണ് എത്തുന്നത്. യു എ ഇ, ഒമാൻ എന്നിവിടങ്ങ‌ളിലും കടന്ന് പോകുന്ന രീതിയിൽ വേണം കനാൽ നിർമിക്കാൻ എന്നും നിർദേശങ്ങ‌ളുണ്ട്. 
 
വലിയ തോതിലുള്ള പച്ചക്കറി, പുഷ്പ ഉൽപാദനം ലക്ഷ്യമിടുന്നു. വിപുലമായ മൽസ്യക്കൃഷി പദ്ധതിയും പരിഗണനയിലുണ്ട്. ശൈത്യകാലത്തു യൂറോപ്യൻ, യുഎസ് സഞ്ചാരികളെ ആകർഷിക്കുംവിധം ടൂറിസ്റ്റ് കേന്ദ്രങ്ങളും കനാൽ പദ്ധതിയുടെ ഭാഗമായി നിലനിൽക്കുന്നുണ്ടെന്ന് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ് മുഖപ്രസിദ്ധീകരണത്തിൽ പറയുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം