അങ്ങകലെ പുതിയ സൌരയൂഥം ജനിക്കുന്നു, ജീവന്റെ രഹസ്യം തേടി ശാസ്ത്രലോകം

Webdunia
വ്യാഴം, 4 ജൂണ്‍ 2015 (19:47 IST)
സൌരയൂഥത്തിനു സമാനമായ സാഹചര്യങ്ങളോടെ പ്രപഞ്ചക്ക്ത്തില്‍ പുതിയൊരു നക്ഷത്ര കേന്ദ്രീകൃത ഗ്രസംവിധാനം രൂപപ്പെടുന്നതായി ബഹിരാകാശ ഗവേഷകര്‍ കണ്ടെത്തി. സൂര്യനുമായി പല അര്‍ഥത്തിലും സാമ്യതകളുള്ള എച്ച്.ഡി115600 എന്ന നക്ഷത്രത്തിനു ചുറ്റുമാണ് പുതിയ സൌരയൂഥം രൂപപ്പെടുന്നത് ഗവേഷകര്‍ കണ്ടെത്തിയത്.

താരതമ്യേന പ്രായംകുറഞ്ഞ നക്ഷത്രമാണ് എച്ച്.ഡി115600. ഈ നക്ഷത്രത്തിനു ചുറ്റും ഗ്രഹമണ്ഡലം രൂപപ്പെടുന്നത് നിരീക്ഷിക്കാനാവുന്നതിലൂടെ സൗരയൂഥത്തില്‍ എപ്രകാരമാണ് ഗ്രഹങ്ങള്‍ രൂപംകൊണ്ടതെന്നതു സംബന്ധിച്ച ധാരണ ശാസ്ത്രലോകത്തിനു ലഭിക്കും.

മാതൃനക്ഷത്രത്തിനു ചുറ്റും ചെറു ഗ്രഹ ശകലങ്ങളും പൊടിപടലങ്ങളുമാണ് ഇപ്പോള്‍ അവിടെയുള്ളത്. നമ്മുടെ സൗരയൂഥത്തിന്റെ അതിര്‍വരമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുയിപര്‍ ബെല്‍റ്റും സൂര്യനും തമ്മിലുള്ള അകലത്തിന് ഏതാണ്ട് സമാനമാണ് ഈ ഗ്രഹമണ്ഡലവും മാതൃനക്ഷത്രവും തമ്മിലുള്ള ദൂരം. ഹവായിയിലെ സുബാറു വാനനിരീക്ഷണാലയത്തിലെ ഡോ. തയാനെ ക്യൂറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനെ തിരിച്ചറിഞ്ഞത്.

4.5 ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സൂര്യനും അനുബന്ധ ഗ്രഹങ്ങളും എപ്രകാരമായിരുന്നുവോ അതുപോലെയാണ് ഇപ്പോള്‍ കണ്ടത്തെിയിരിക്കുന്ന ഗ്രഹമണ്ഡലമെന്നതിനാല്‍ ഈ പുതിയ ഗ്രഹ സംവിധാനത്തില്‍  ഭൗമ സമാന ഗ്രഹങ്ങളടക്കമുള്ളവ ഭാവിയില്‍ രൂപം കൊണ്ടേക്കാമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ഇതിനെ നിരീക്ഷിക്കുന്നതിലൂടെ ഭൂമിയില്‍ ജീവന്‍ ആവിര്‍ഭവിച്ചതെങ്ങനെയെന്നതടക്കമുള്ള നിര്‍ണായക വിഷയങ്ങളിലേക്കും സൂചന ലഭിക്കും.