ഭൂമിയില്‍ ജീവനെത്തിയത് ഏതോ ഒരു വാല്‍നക്ഷത്രം ഭൂമിയില്‍ ഇടിച്ചിറങ്ങിയപ്പോളാണെന്ന് ചില ഗവേഷകര്‍ വാദിക്കുന്നുണ്ട്. അതായത് ജിവന്‍ ഉണ്ടാകാന്‍ കാരണമായ ജൈവിക തന്മാത്രകള്‍ ഭൂമിയിലെത്തിയത് വാല്‍ നക്ഷത്രം വഴിയാണെന്നാണ് വാദം. ഈ വാദം ശരിവയ്ക്കുന്ന തരത്തില്‍ സുപ്രധാനമായ കണ്ടുപിടുത്തമാണ് നാസ നടത്തിയിരിക്കുന്നത്. ബഹിരാകാശത്ത് നാസ കണ്ടെത്തിയ ഒരു വാല്‍ നക്ഷത്രം ഓര്‍ഗാനിക സംയുക്തമായ ആല്‍ക്കഹോളും സുഗറും ഓരോ നിമിഷവും പുറത്തേക്ക് വിട്ടുകൊണ്ടിരിക്കുകയാണ്.
ഏതാണ് 500 ബോട്ടില്‍ വൈനില്‍ അടങ്ങിയിരിക്കുന്ന അത്രയും ആല്‍ക്കഹോളാണ് ഓരോ നിമിഷവും ഈ വാല്‍നക്ഷത്രം പുറത്ത്‌വിട്ടുകൊണ്ടിരിക്കുന്നത്. സൌരയൂഥം ഉണ്ടായ സമയത്ത് സൃഷ്ടിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന വാല്‍നക്ഷത്രമാണ് ഇത്. ഇതേവരെ നിരീക്ഷണം നടത്തിയതില്‍ നിന്ന് ഈഥൈല്‍ ആല്‍ക്കഹോള്‍, ഗ്ലൈക്കോള്‍ ആല്‍ഡിഹൈഡ്, സ്വാഭാവിക ഷുഗര്‍ തുടങ്ങി വാല്‍നക്ഷത്രത്തില്‍ 21 തരം ജൈവ സംയുക്തങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഗവേഷകര്‍ ഈ വാല്‍നക്ഷത്രത്തേക്കുറിച്ച് ആവേശത്തോടെയാണ് പഠിക്കുന്നത്. കാരണം അതി പുരാതനമായ ഇത് സൌരയൂഥത്തിന്റെ ഉല്‍പ്പത്തിയേക്കുറിച്ചുള്ള സൂചനകള്‍ നല്‍കുമെന്നതിനാലാണ്. സൌരയൂഥത്തില്‍ അതിപ്രാചീനമായ ഒരു ശേഷിപ്പാണ് ഈ വാല്‍ നക്ഷത്രം. സൂര്യനില്‍ നിന്ന് ഏറെ അകലെയാണ് ഇതിന്റെ ഭ്രമണപഥം. എന്നാല്‍ ഗുരുത്വ ബലം മൂലം സൂര്യന്റെ സമീപത്തേക്ക് അടുത്തുവരുമ്പോള്‍ ഇതിലെ വാതകങ്ങള്‍ പുറത്തുവരും. അങ്ങനെയാണ് ശാസ്ത്രജ്ഞര്‍ ഈ അത്ഭുത വാല്‍നക്ഷത്രത്തിന്റെ സ്വഭാവം കണ്ടെത്തിയത്.
ഇതിനുമുമ്പ് ജൈവ സംയുക്തങ്ങള്‍ വാല്‍ നക്ഷത്രങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ യൂറോപ്യന്‍ സ്പേസ് ഏജന്‍സി കണ്ടെത്തിയ 67പി എന്ന വാല്‍നക്ഷത്രത്തില്‍ ജൈവ പദാര്‍ഥങ്ങള്‍ ഉണ്ടായിരുന്നു. അതുവരെ വാല്‍നക്ഷത്രങ്ങളില്‍ കണ്ടെത്തിയിട്ടില്ലാത്ത തരം പദാര്‍ഥങ്ങളായിരുന്നു അവ. എന്നാല്‍ പുതിയ കണ്ടുപിടുത്തം ഭൂമിയില്‍ ജീവന്‍ വിത്ത പാകിയത് വാല്‍ നക്ഷത്രമാണെന്ന വാദത്തിന് തെളിവ് നല്‍കുന്നതാണ്. എന്തെന്നാല്‍ ജീവന്‍ അത്യാവശ്യമായ സംയുക്തങ്ങളാണ് ഈ കണ്ടെത്തിയവയെല്ലാം.
കോമെറ്റ് ലവ് ജോയ് എന്നാണ് വാല്‍നക്ഷത്രത്തിനു പേര്‍, ഭൂമിയുടെ ഏറ്റവും അടുത്ത ഭ്രമണപഥത്തില്‍ ഉള്ള വാല്‍നക്ഷത്രമാണ് ഇതെന്നതിനാല്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുകയും ചെയ്യുന്നു എന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഹാലിയുടെ വാല്‍നക്ഷത്രത്തേക്കാള്‍ പ്രകാശമേറിയതാണ് ഇത്. അടുത്ത ജനുവരി 30ന് ഇത് സൂര്യന് അടുത്തുകൂടി കടന്നുപോകും. ആ സമയത്ത് ഒരു സെക്കന്റില്‍ 20ടണ്‍ എന്ന കണക്കില്‍ ഈ വാല്‍നക്ഷത്രം വെള്ളം പുറം തള്ളുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
3.8 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ അതി ഭീകരമായ പ്രാപഞ്ചികാവസ്ഥയില്‍ ഭൂമിയില്‍ നിരവധി വാല്‍നക്ഷത്രങ്ങള്‍ ഇടിച്ചിറങ്ങിയിട്ടുണ്ട്. അങ്ങനെയാണത്രെ ഭൂമിയില്‍ ആദ്യമായി സമുദ്രമുണ്ടാകുന്നത്....! എന്നാല്‍ വെറും വെള്ളവും നൈട്രജനും ഓക്സിജനുമുണ്ടെങ്കില്‍ ജീവനുണ്ടാവുകയില്ല. അതിന് കാര്‍ബണിക സംയുക്തങ്ങള്‍ ആവശ്യമാണ്. വാല്‍നക്ഷത്രങ്ങള്‍ വഴി ഭൂമിയിലെത്തിയ ഓര്‍ഗാനിക് പദാര്‍ഥങ്ങളാകാം അമിനോ ആസിഡുകളായും ഡിഎന്‍എയുടെ അടിസ്ഥാനമായ നുക്ലിയോ ബേസുകളായും രൂപാന്തരപ്പെട്ടത്.