സിറിയയില്‍ റഷ്യ വര്‍ഷിക്കുന്നത് 'പാരീസിന് വേണ്ടി', ഒറ്റദിനം കൊണ്ട് കാലപുരിയിലെത്തിയത് 600 ഭീകരര്‍

Webdunia
ശനി, 21 നവം‌ബര്‍ 2015 (12:03 IST)
സിറിയയില്‍ ഐ.എസ് ശക്തികേന്ദ്രങ്ങളില്‍ റഷ്യ വര്‍ഷിക്കുന്നത് 'പാരീസിന് വേണ്ടി' എന്ന് രേഖപ്പെടുത്തിയ ബോംബുകള്‍. 'ഞങ്ങളുടെ ജനങ്ങള്‍ക്ക്, പാരീസിന് വേണ്ടി' എന്നിങ്ങനെ കറുത്ത പേനകൊണ്ട് ഏരിയല്‍ ബോംബുകളില്‍ എഴുതിച്ചേര്‍ത്താണ് യുദ്ധവിമാനങ്ങളില്‍ ഘടിപ്പിക്കുന്നത്. സിറിയയിലെ റഷ്യന്‍ വ്യോമതാവളത്തില്‍ നിന്ന് പുറപ്പെടുന്ന യുദ്ധവിമാനങ്ങളിലെല്ലാം വന്‍ പ്രഹരശേഷിയുള്ള ബോംബുകള്‍ ഈ ബോംബുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.

അതിനും പിന്നാലെ കാസ്പിയന്‍ കടലില്‍ നങ്കൂരമിട്ടിരിക്കുന്ന റഷ്യന്‍ പടക്കപ്പലുകളില്‍ നിന്ന് മരണ സന്ദേശവുമായി ദിവസവും ഐ‌എസ് കേന്ദ്രങ്ങളിലേക്ക് പറന്നുയരുന്നത് നൂറുകണക്കിന് മിസൈലുകളാണ്. 64 യുദ്ധവിമാനങ്ങളുമായി ഒരുദിവസം 300ല്‍ അധികം ആക്രമണം നടത്തുന്നതിനു പുറമേ ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ചും ഐ‌എസിനെ പൊരിക്കുകയാണ് റഷ്യ ചെയ്തുകൊണ്ടിരിക്കുന്നത്.

അതിനിടെ കഴിഞ്ഞ ഒറ്റ ദിവസത്തെ വ്യോമാക്രമണത്തിലൂടെ റഷ്യ കൊന്നൊടുക്കിയത് 600ല്‍ അധികം ഭീകരരെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിറിയയിലുടനീളം 731 കേന്ദ്രങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇത്രയും ഭീകരര്‍ കാലപുരി പൂകിയത്. അതിനിടെ റഷ്യ സിറിയയില്‍ കരയാക്രമണം നടത്താന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒന്നരലക്ഷം സൈനികരെ സിറിയയിലേക്ക് അയയ്ക്കാന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ തീരുമാനിച്ചതായാണ് വിവരങ്ങള്‍. സിറിയയിലെ റാഖ ലക്ഷ്യമാക്കി ഇന്ന് 18 ഓളം ക്രൂസ് മിസൈല്‍ ആക്രമണങ്ങള്‍ നടത്താനും റഷ്യ പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. കാസ്പിയന്‍ കടലിലെ റഷ്യന്‍ പടക്കപ്പലില്‍ നിന്നാകും ഇവ പറന്നുയരുക.

റഷ്യന്‍ സൈന്യം ഫ്രാന്‍സുമായി ചേര്‍ന്ന് ആക്രമണം ആസൂത്രണം ചെയ്തുവരുകയാണെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. സിനായില്‍ കഴിഞ്ഞമാസം യാത്രാവിമാനം തകര്‍ത്ത് 224 പേരെ കൊലപ്പെടുത്തിയവരെ ശിക്ഷിക്കുമെന്നും അവരെ നശിപ്പിക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു.

പാരീസില്‍ ഐ.എസ് ആക്രമണങ്ങളില്‍ 130 പേര്‍ മരിക്കുക കൂടി ചെയ്തതോടെ ഇരുരാജ്യങ്ങളും സംയുക്തമായാണ് സിറിയയിലെ ഐ.എസ് ശക്തികേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള പദ്ധതി തയാറാക്കിയത്. അടുത്തയാഴ്ച റഷ്യയുടേയും ഫ്രാന്‍സിന്റെയും പ്രസിഡന്റുമാര്‍ സ്ഥിതി വിലയിരുത്താന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.