മുത്തച്ഛന്റെ മടിയിലിരുന്ന് ടിവി കണ്ട അഞ്ച് വയസുകാരി വെടിയേറ്റ് മരിച്ചു
ശനി, 8 നവംബര്‍ 2014 (19:12 IST)
മുത്തച്ഛന്റെ മടിയിലിരുന്ന് ടിവി കണ്ട അഞ്ച് വയസുകാരി തോക്കുധാരികളുടെ വെടിയേറ്റ് മരിച്ചു. വൈകുന്നേരം അമേരിക്കയിലെ മിൽവോകിയിലുള്ള നോർത്ത് 58 സ്ട്രീറ്റിലെ വീട്ടില്‍ മുത്തച്ഛനായ ബോബിന്റെ മടിയിലിരുന്ന് ടിവി കണ്ടു കൊണ്ടിരുന്ന ലൈയ്യ പീറ്റേഴ്സണാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
മുത്തച്ഛന്റെ മടിയിലിരുന്ന് ടിവി കണ്ടു കൊണ്ടിരുന്ന ലൈയ്യയ്ക്ക് നേരെ തോക്കുധാരികളായ രണ്ട് പേർ ജനാല വഴി വെടിയുതിർക്കുകയായിരുന്നു. കുട്ടിയുടെ തലയിലാണ് വെടിയേറ്റത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. സംഭവശേഷം അക്രമികൾ രക്ഷപെട്ടു. കൊലപാതകത്തിന് കാരണമെന്തെന്ന് വ്യക്തമല്ലെന്നും മിൽവോക്കി പൊലീസ് മേധാവി വ്യക്തമാക്കി.
അതേസമയം വീടിന്റെ മുൻവശത്തെ ജനാലയിൽ അഞ്ചോളം വെടിയുണ്ടകൾ കൊണ്ട ദ്വാരങ്ങളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എത്ര തോക്കുകളാണ് അക്രമികൾ ഉപയോഗിച്ചതെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് ഇതു വരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.