ആദ്യ ജെയിംസ് ബോണ്ട് നായകന്‍ ഷോണ്‍ കോണറി അന്തരിച്ചു

ജോണ്‍സി ഫെലിക്‍സ്

ശനി, 31 ഒക്‌ടോബര്‍ 2020 (21:45 IST)
ആദ്യ ജെയിംസ് ബോണ്ട് നായകനായ ഷോണ്‍ കോണറി അന്തരിച്ചു. അദ്ദേഹത്തിന് 90 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ ശാരീരിക അസ്വസ്ഥതകള്‍ ഏറെക്കാലമായി അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
 
ഏഴ് ബോണ്ട് സിനിമകളില്‍ ഷോണ്‍ കോണറി അഭിനയിച്ചു. മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 
 
ഷോണ്‍ കോണറിയെക്കുറിച്ച് പ്രശസ്ത എഴുത്തുകാരന്‍ മരിയ റോസ് സോഷ്യല്‍ മീഡിയയില്‍ എഴുതിയ അനുസ്‌മരണം ചുവടെ ചേര്‍ക്കുന്നു:
 
ഷോണ്‍ കോണറി പിന്‍വാങ്ങുന്നു
ജനപ്രിയ സിനിമയുടെ ഇതിഹാസങ്ങളിലൊരാള്‍. 
 
ഡോ. നോ എന്ന സിനിമയുടെ സംവിധായകന്‍ ടേറന്‍സ് യംഗ് രൂപപ്പെടുത്തിയതാണ് നമുക്ക് പരിചിതമായ ഷോണ്‍ കോണറിയുടെ ബോണ്ട്‌ വ്യക്തിത്വം. സ്റ്റൈലൈസ്ഡ് രൂപഭാവങ്ങള്‍ ഒട്ടുമില്ലാത്ത ഒരു പരുക്കന്‍ മനുഷ്യനായിരുന്നു അതിന് മുന്‍പ് കോണറി. പതിനാറ് വയസ് മുതല്‍ പത്തൊന്‍പത് വയസ് വരെ നാവിക സേനയില്‍. പിന്നീട് ലോറി ഡ്രൈവര്‍. തൊഴിലാളി, ഫുട്ബോളര്‍, ബോഡി ബില്‍ഡിംഗ് അങ്ങനെ നിരവധി ജോലികള്‍. ചെറിയ തോതില്‍ മോഡലിംഗ്. ചില സിനിമകളില്‍ ചെറിയ വേഷങ്ങള്‍. കാരി ഗ്രാന്‍റിനെപ്പോലെയുള്ള വന്‍താരങ്ങളെ ബോണ്ട്‌ വേഷത്തില്‍ പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് പുതിയ ഒരാള്‍ എന്ന ആശയത്തിലേയ്ക്ക് എത്തിച്ചേര്‍ന്നു. ഇയാന്‍ ഫ്ലെമിംഗ് അന്ന് ജീവിച്ചിരിപ്പുണ്ട്. അദ്ദേഹത്തിന് കോണറിയുടെ രൂപഭാവങ്ങള്‍ ഒട്ടും ഇഷ്ടപ്പെട്ടില്ല. 
 
"ജെയിംസ് ബോണ്ടിനെക്കുറിച്ചുള്ള എന്‍റെ സങ്കല്‍പം ഇങ്ങനെയല്ല." അദ്ദേഹം പറഞ്ഞു, " കമാന്‍ഡര്‍ ബോണ്ടിനെയാണ് ഞാന്‍ തിരയുന്നത്. തഴച്ചു വളര്‍ന്ന ഒരു സ്റ്റണ്ടുകാരനെയല്ല !!". 
പക്ഷെ ഡോ. നോയുടെ പ്രീമിയര്‍ കണ്ടതിന് ശേഷം ഫ്ലെമിംഗ് അഭിപ്രായം മാറ്റുകയുണ്ടായി. സിനിമ കണ്ടതിന് ശേഷം പ്രസിദ്ധീകരിച്ച നോവലില്‍  ജെയിംസ് ബോണ്ടിന്‍റെ പശ്ചാത്തലം ഫ്ലെമിംഗ് ഷോണ്‍ കോണറിയുടേത് പോലെ സ്കോട്ടിഷ് ആക്കി മാറ്റി. ടേറന്‍സ് യംഗ് കോണറിയെ  ഒപ്പം കൂട്ടുകയും വലിയ അത്താഴവിരുന്നുകള്‍ക്കും മറ്റും കൊണ്ട് പോയി പോളിഷ്ഡ് ആയ ഒരു മനുഷ്യന്‍റെ നടപ്പും ഇരിപ്പും സംസാരവും പഠിപ്പിച്ച് ബോണ്ട്‌ പേഴ്സണ രൂപപ്പെടുത്തുകയായിരുന്നു.  
 
ഡോ. നോയിലെ കോണറിയുടെ ഡ്രമാറ്റിക് എന്‍ട്രി സീന്‍ കാണുമ്പോള്‍ നമുക്ക് മനസിലാകും എന്തായിരുന്നു ആ 'ഗ്രൂമിംഗ്' എന്ന്. 
ജനപ്രിയ സിനിമയിലെ ഏറ്റവും  'Subtle'  ആയ എന്‍ട്രി സീന്‍ ആണത് എന്നാണ് എന്‍റെ അഭിപ്രായം. ഏറ്റവും ലളിതം. പക്ഷെ തീര്‍ച്ചയായും ഇംപാക്റ്റ്‌ ഗംഭീരമാണ്.  കാസിനോയില്‍ വച്ചാണ് ആ  രംഗം.
 
നേര്‍ക്ക്‌ നേര്‍ ഇരിക്കുന്ന രണ്ടു പേര്‍. കറുത്ത സ്യൂട്ട് ധരിച്ച ഒരു അപരിചിതനും അയാള്‍ക്കെതിരെ സുന്ദരിയായ ഒരു യുവതിയും. ഒരു കനത്ത നഷ്ടത്തിന് ശേഷവും അടുത്ത ഗെയിമിനൊരുങ്ങുന്ന യുവതി.
"നിങ്ങളുടെ ധൈര്യം എനിക്കിഷ്ടപ്പെട്ടു , മിസ്സ്‌....??
"ട്രെഞ്ച് ..സില്‍വിയ ട്രെഞ്ച്....എനിക്കിഷ്ടപ്പെട്ടത് നിങ്ങളുടെ ഭാഗ്യമാണ് , മിസ്റ്റര്‍ ....??
ഒരു സിഗററെറ്റിനു തീ കൊളുത്തിക്കൊണ്ട് അപരിചിതന്‍ പരിചയപ്പെടുത്തുന്നു.
"ബോണ്ട് ....ജെയിംസ്‌ ബോണ്ട്‌ .."
ലോകം ഷോണ്‍ കോണറി എന്ന താരത്തെ ആദ്യം കണ്ടത് ഈ രംഗത്താണ്.
 
ക്രൂരനും വികാരങ്ങളില്ലാത്തവനും സ്ത്രീകളെ വെറും വിനോദമായി കാണുന്നവനുമായ ഒരു ഷോവനിസ്റ്റ് പാത്രസൃഷ്ടിയായിരുന്നു കോണറി അവതരിപ്പിച്ച ജെയിംസ് ബോണ്ടിന്‍റേത്. റഫ് & ടഫ് ആയ ആറ് ഒഫീഷ്യല്‍ സിനിമകള്‍. അനൌദ്യോഗിക സിനിമ ഒന്ന്‍.  എങ്കിലും ഷോണ്‍ കോണറിയോട് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാഭിനയ അനുഭവം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഹിച്ച്കോക്ക് സംവിധാനം ചെയ്ത മാര്‍ണി എന്ന സിനിമയായിരുന്നു. 
 
 പിന്നീട് നിരവധി വേഷങ്ങള്‍. 1988 ല്‍ ബ്രയന്‍ ഡി പാമയുടെ   Untouchables (1988)  എന്ന ചിത്രത്തിന്  Best Supporting Actor നുള്ള അക്കാഡമി അവാര്‍ഡ് നേടി.  Murder on Orient Express, Indiana Jones and Last Crusade, The Hunt for Red October, The Man who would be King  എന്നിങ്ങനെ നിരവധി സിനിമകള്‍. 
എങ്കിലും എന്നെന്നും ജെയിംസ് ബോണ്ട്‌ എന്ന നിലയിലായിരിക്കും അദ്ദേഹം ഓര്‍മ്മിക്കപ്പെടുക. അറുപതുകളില്‍ ജീവിച്ച മുതിര്‍ന്ന സ്നേഹിതരോട് സംസാരിക്കുമ്പോള്‍ അവര്‍ പറയും. " Connery is the Best of  Bonds" (തൊണ്ണൂറുകളിലുള്ളവര്‍ ബ്രോസ്നനെക്കുറിച്ചും രണ്ടായിരങ്ങള്‍ക്ക് ശേഷമുള്ളവര്‍ ഡാനിയല്‍ ക്രേഗിനെക്കുറിച്ചും പറയുന്നത് പോലെയാണത്). ആ തര്‍ക്കം തുടരും. 
 
 Adieu, Sean Connery ....!!!

(അനുസ്‌മരണത്തിന് കടപ്പാട്: മരിയ റോസിന്‍റെ ഫേസ്‌ബുക്ക് പേജ്‌)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍