1978 ല്‍ അടച്ചുപൂട്ടിയ സ്‌കൂള്‍, തറ തുരന്നപ്പോള്‍ 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍; ദുരൂഹത

Webdunia
ശനി, 29 മെയ് 2021 (11:09 IST)
43 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടച്ചുപൂട്ടിയ റസിഡന്‍സ് സ്‌കൂളിന്റെ തറ തുരന്നപ്പോള്‍ കണ്ടെത്തിയത് 215 കുട്ടികളുടെ മൃതദേഹം. കാനഡയിലെ കംലൂപ്‌സ് ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളാണിത്. റഡാര്‍ സ്‌പെഷ്യലിസ്റ്റുകളുടെ സഹായത്തോടെ ആഴത്തില്‍ തറ തുരന്നപ്പോഴാണ് കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ മൂന്ന് വയസ്സിനു താഴെയുള്ള കുട്ടികളും ഉണ്ട്. ബ്രിട്ടീഷ് കൊളംബിയയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് താമസിച്ചു പഠിക്കാനായി നടത്തിയിരുന്ന സ്‌കൂളാണിത്. വിദഗ്ധര്‍ നടത്തിയ അന്വേഷണത്തിലാണ് ഈ സ്‌കൂളിന്റെ പരിസരങ്ങളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ടെക്എംപസ് ട്വേ ഷ്വാംപെംക് ഗോത്ര വിഭാഗം അറിയിച്ചു. ഈ വിഭാഗത്തില്‍ പെട്ടവരാണ് മരിച്ച കുട്ടികളില്‍ ഭൂരിഭാഗവുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
 
കാനഡയില്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സിസ്റ്റം നിലനിന്നിരുന്നു. ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളെ ബലമായി വീട്ടില്‍ നിന്നു വേര്‍പ്പെടുത്തും. വീടുകളില്‍ നിന്നു കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുവന്ന് റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ചേര്‍ത്തുകയാണ് പതി. സാംസ്‌കാരിക വംശഹത്യ നടത്തുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. 2015 ലെ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെട്ടത്. റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് കൊണ്ടുവരുന്ന കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കും. ആറ് വര്‍ഷത്തെ പഠനത്തിനൊടുവിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. 
 
ഒന്നരലക്ഷത്തോളം കുട്ടികള്‍ റസിഡന്‍ഷ്യന്‍ സ്‌കൂള്‍ സിസ്റ്റത്തിന്റെ ഭാഗമായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. 1840 മുതല്‍ 1990കള്‍ വരെയായിരുന്നു ഇത്തരം സ്‌കൂളുകള്‍ ഉണ്ടായിരുന്നത്. കനേഡിയന്‍ സര്‍ക്കാരിന്റെ കീഴില്‍ ക്രിസ്ത്യന്‍ പള്ളികളുടെയും കത്തോലിക്ക സന്യാസ സമൂഹങ്ങളുടെയും നേതൃത്വത്തിലായിരുന്നു ഈ സ്‌കൂളുകള്‍ നടന്നിരുന്നതെന്നും പഠനങ്ങളില്‍ വ്യക്തമാക്കുന്നു. റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ താമസിച്ചിരുന്ന 4,100 കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. അത് കൂടാതെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article