നിലവിലെ അഭയാര്‍ഥിനയം കാലഹരണപ്പെട്ടത്: അംഗെല മെര്‍ക്കല്‍

Webdunia
വെള്ളി, 9 ഒക്‌ടോബര്‍ 2015 (09:22 IST)
യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ സ്വീകരിക്കുന്ന അഭയാര്‍ഥിനയം കാലഹരണപ്പെട്ടതാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍. അഭയാര്‍ത്ഥി പ്രശ്‌നം നേരിടാന്‍ യൂറോപ്പ്യന്‍ യൂണിയന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. രാജ്യത്തെത്തുന്ന അഭയാര്‍ത്ഥികളോട് മാന്യമായി പെരുമാറണം. അഭയാര്‍ത്ഥികളെ യൂറോപ്പിലേക്ക് സ്വാഗതം ചെയ്യുന്നതായും ജര്‍മന്‍ ചാന്‍സലര്‍ പറഞ്ഞു.

അഭയാര്‍ഥി പ്രശ്‌നം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ യൂറോപ്പ്യന്‍ യൂണിയന്‍ പരാജയപ്പെട്ടതായി  തുര്‍ക്കി പ്രസിഡന്റ് തായിപ്പ് എര്‍ഡോഗാന്‍ വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ കുറ്റപ്പെടുത്തലുകള്‍ അല്ല. ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് വേണ്ടതെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡ് വ്യക്തമാക്കി. ഫ്രാന്‍സിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് ജര്‍മ്മനിയും വ്യക്തമാക്കി.

അതേസമയം, ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാക്ക്, സിറിയ, ലിബിയ എന്നിവടങ്ങളില്‍ നിന്ന് യൂറോപ്പിലേക്ക് അഭയാര്‍ഥികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ജര്‍മ്മനി ലക്ഷ്യമാക്കിയാണ് കൂടുതല്‍ അഭയാര്‍ഥികളും എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അനധികൃതമായി രാജ്യത്തെത്തുന്ന അഭയാര്‍ഥികളെ തിരിച്ചയക്കാനും അതിര്‍ത്തി പ്രദേശത്ത് സൈന്യത്തെ വിന്യസിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ പലയിടത്തും നടക്കുന്നുമുണ്ട്.