ആരെയും ഒന്നും കാണിക്കാന്‍ നില്‍ക്കാതെ ഒടുവില്‍ യാത്രയായി; വിവാദ പാക് മോഡല്‍ കൊല്ലപ്പെട്ടു

Webdunia
ശനി, 16 ജൂലൈ 2016 (14:41 IST)
പാകിസ്ഥാന്‍ നടിയും മോഡലുമായ ഖൻഡീൽ ബലോച് കൊല്ലപ്പെട്ടു. ഇന്നു രാവിലെ മുൾട്ടാനിലാണ് ദുരന്തം അരങ്ങേറിയത്. ബലോച്ചിന്റെ ജീവിതശൈലിയെ എന്നും വിമർശിച്ചിരുന്ന ഇളയ സഹോദരന്‍ വസീം ആണ് കുറ്റകൃത്യം ചെയ്‌തതെന്നാണ് റിപ്പോര്‍ട്ട്. കൊല നടത്തിയത് എങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ബലോച്ച് വെടിയേറ്റാണു മരിച്ചതെന്നും കുത്തേറ്റതാണ് മരണ കാരണമെന്നും റിപ്പോർട്ടുണ്ട്. ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ബലോച്ചിന്റെ പ്രസ്താവനകള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മോഡലിംഗ് നിര്‍ത്താനും അര്‍ധനഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ അപ്‌ലോഡ് ചെയ്യുന്നതും സഹോദരന്‍ വിലക്കിയിരുന്നു. ഇതിനേച്ചൊല്ലി ഇരുവരും വഴക്കിടുകയും ചെയ്‌തിരുന്നു. ഇതോടെ മുൾട്ടാനിലുള്ള കുടുംബക്കാരിൽ നിന്നും അകന്നു നിൽക്കാൻ ബലൂച്ചി തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.

ജീവനു ഭീഷണിയുണ്ടെന്നും സുരക്ഷ നല്കണമെന്നും ബലോച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും ആഭ്യന്തരമന്ത്രാലയം യാതൊരുനടപടിയും സ്വീകരിച്ചിരുന്നില്ല. വരും ദിവസങ്ങളില്‍ വിദേശത്തേക്കു താമസം മാറുന്നതിനെക്കുറിച്ച് ഇവർ ചിന്തിച്ചിരുന്നതായി ഇവരുടെ കുടുംബത്തോട് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു.

പാകിസ്ഥാനിലെ പൂനം പാണ്ഡെയായാണ് ബലൂച്ചി അറിയപ്പെട്ടിരുന്നത്. പോപ് ഗായകൻ ആര്യൻ ഖാന്റെ ബാൻ എന്ന വീഡിയോയിലൂടെ ബലൂച്ചി കൂടുതൽ ജനശ്രദ്ധ നേടിയ ഇവര്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയോടുള്ള സ്‌നേഹം തുറന്നു പറയുകയും ചെയ്‌തിരുന്നു.

ട്വന്റി - 20 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചാല്‍ താന്‍ നഗ്നനൃത്തം ചെയ്യുമെന്നും ഇത് പാക് ക്യാപ്റ്റനും രാജ്യത്തിനുമായി സമര്‍പ്പിക്കുമെന്നും ഫേസ്‌ബുക്കിലൂടെ പറഞ്ഞ് വിവാദനായികയായ താരമാണ് ഖൻഡീൽ ബലോച്.
Next Article