ആരോഗ്യനില ഗുരുതരമായി തുടരുമ്പോഴും ആശുപത്രി കിടക്കയില്‍ വെച്ച് ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ച് മാര്‍പാപ്പ

രേണുക വേണു

ബുധന്‍, 26 ഫെബ്രുവരി 2025 (09:10 IST)
ആഗോള കത്തോലിക്കാ സഭ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. ഗുരുതരാവസ്ഥ തുടരുമ്പോഴും അദ്ദേഹം ആശുപത്രിയില്‍ വെച്ച് ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ചതായി വത്തിക്കാന്‍ അറിയിച്ചു. ആശുപത്രിയില്‍ കഴിയുമ്പോഴും അദ്ദേഹം ദിവസവും കുര്‍ബാന സ്വീകരിക്കുന്നുണ്ട്. ഔദ്യോഗിക കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാനും മാര്‍പാപ്പയ്ക്കു സാധിച്ചതായി വത്തിക്കാന്‍ അറിയിച്ചു. 
 
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനും ചീഫ് ഓഫ് സ്റ്റാഫ് ആര്‍ച്ച് ബിഷപ് എഡ്ഗര്‍ പെന പരായുമായി മാര്‍പാപ്പ ഔദ്യോഗികകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പുതുതായി രണ്ടു പേരെ വിശുദ്ധരായി പ്രഖ്യാപിക്കാനുള്ള ഉത്തരവില്‍ ഒപ്പുവച്ചു. പുതിയ വിശുദ്ധരെ തീരുമാനിക്കാനുള്ള കര്‍ദിനാള്‍മാരുടെ യോഗം വിളിക്കാനും തീരുമാനിച്ചു. സഹപ്രവര്‍ത്തകരുമായി ഔദ്യോഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം എല്ലാവരോടും ചിരിച്ചു സംസാരിക്കാനും തമാശകള്‍ പറയാനും അദ്ദേഹത്തിനു സാധിക്കുന്നുണ്ടെന്നും വത്തിക്കാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
ഡബിള്‍ ന്യുമോണിയ ബാധിച്ചതാണ് മാര്‍പാപ്പയുടെ ആരോഗ്യനില വഷളാക്കിയത്. ന്യുമോണിയ രണ്ട് കരളിനെയും ബാധിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് കൃത്യമായി ശ്വാസോച്ഛാസം നടത്താന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. രണ്ട് കരളുകളിലും അണുബാധ തീവ്രമായി തുടരുന്നു. 88 കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഫെബ്രുവരി 14 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹത്തിനു ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍