ആഗോള കത്തോലിക്കാ സഭയുടെ മുന്‍ തലവനും റോമിലെ ഭരണാധികാരിയുമായിരുന്ന ബനഡിക്ട് പതിനാറാമന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. പ്രാദേശിക സമയം 9.34 നാണ് അദ്ദേഹം അന്തരിച്ചതെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു. 2013 ലാണ് ബനഡിക്ട് പതിനാറാമന്‍ സ്ഥാനത്യാഗം ചെയ്തത്. പദവിയിലിരിക്കെ സ്ഥാനത്യാഗം നടത്തിയ ആദ്യ മാര്‍പാപ്പയാണ് ബനഡിക്ട് പതിനാറാമന്‍.
1927 ഏപ്രില്‍ 16 ന് ജര്‍മനിയിലെ ബവേറിയിലാണ് ജോസഫ് റാറ്റ്‌സിംഗര്‍ ജനിച്ചത്. മാര്‍പാപ്പയായ ശേഷമാണ് ബനഡിക്ട് പതിനാറാമന്‍ എന്ന പേര് സ്വീകരിച്ചത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മരണത്തെ തുടര്‍ന്ന് 2005 ഏപ്രില്‍ 19 നാണ് ആഗോള കത്തോലിക്കാ സഭയുടെ 265-ാം മാര്‍പാപ്പയായി ബനഡിക്ട് പതിനാറാമന്‍ തിരഞ്ഞെടുക്കപ്പെട്ടത്. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ 78 വയസ്സായിരുന്നു പ്രായം. 2013 ഫെബ്രുവരി 28 ന് പാപ്പ പദവി ഒഴിഞ്ഞ് പോപ്പ് എമിരറ്റ്‌സായി. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ബനഡിക്ട് പതിനാറാമന്റെ പിന്‍ഗാമി.