ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വ്യാഴം, 29 ഡിസം‌ബര്‍ 2022 (08:21 IST)
വിശ്രമജീവിതം നയിക്കുന്ന ആഗോള കത്തോലിക്കാ സഭയുടെ മുന്‍ തലവന്‍ ബനഡിക്ട് പതിനാറാമന്റെ ആരോഗ്യനില വഷളായി. അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. അനാരോഗ്യം മൂലം 2013 ല്‍ സ്ഥാനത്യാഗം ചെയ്ത ബനഡിക്ട് പതിനാറാമന്‍ വത്തിക്കാന്‍ ഉദ്യാനത്തിലെ ഭവനത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഈ മാസം ഒന്നിന് വത്തിക്കാന്‍ പുറത്തുവിട്ട ചിത്രത്തില്‍ ബനഡിക്ട് പതിനാറാമനെ ഏറെ ക്ഷീണിതനായാണ് കാണപ്പെട്ടത്. 
 
' നമുക്ക് അദ്ദേഹത്തെ ഓര്‍ക്കാം. വളരെ ക്ഷീണിതനാണ് അദ്ദേഹം. സഭയോടുള്ള സ്‌നേഹത്തിന്റെ സാക്ഷ്യത്തില്‍ നിലനിര്‍ത്താനും അദ്ദേഹത്തിനു ആശ്വാസം പകരാനും നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാം' - പ്രതിവാര പ്രസംഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. 
 
വത്തിക്കാനിലെ വൈദ്യസംഘം ബനഡിക്ട് പതിനാറാമന് ആവശ്യമായ ചികിത്സ നല്‍കിവരുന്നു. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ബനഡിക്ട് പതിനാറാമന്റെ ആരോഗ്യസ്ഥിതി ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് വഷളായത്. 600 വര്‍ഷത്തിനിടെ സ്ഥാനത്യാഗം ചെയ്ത ആദ്യത്തെ മാര്‍പാപ്പയാണ് ബനഡിക്ട് പതിനാറാമന്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍