വരുന്നു,പ്ളാസ്റ്റിക് റോഡുകൾ, റോഡ് നിര്‍മ്മാണം ഇനി എത്രയെളുപ്പം

Webdunia
വ്യാഴം, 16 ജൂലൈ 2015 (15:05 IST)
പരമ്പരാഗത റോഡ് നിര്‍മ്മാണ സങ്കല്‍പ്പങ്ങള്‍ തന്നെ മാറ്റിമറിക്കുന്ന പുതിയ ആശയവുമായി ഡച്ച് കമ്പനി രംഗത്ത്. ഉപയോഗശൂന്യമായ  പ്ളാസ്റ്റിക് ബോട്ടിലുകളും  മറ്റും  റീ  സൈക്കിൾ  ചെയ്ത്  ഉണ്ടാക്കുന്ന ഉള്ള് പൊള്ളയായ വലിയ പ്ലാസ്റ്റിക് കട്ടകള്‍ പരസ്പരം കൂട്ടിയോജിപ്പിച്ചാണ് റോഡ് നിര്‍മ്മിക്കുക. അതിനാല്‍ തന്നെ എവിടെയെങ്കിലും കേടുവന്നാൽ ആ  ഭാഗത്തെ  കട്ടകൾ  മാത്രം  മാറ്റിയാൽ മതിയാക്കും. കൂടാതെ നിർമ്മാണ ചെലവ് വളരെയധികം കുറയുമെന്നും ഇവര്‍ പറയുന്നു.

ഇത് പ്രാവര്‍ത്തികമായാല്‍ കേബിളികളും പൈപ്പുകളും ഇടുന്നതിനായി റോഡ് കുത്തിക്കുളമാക്കേണ്ടതില്ല. പകരം ആവശ്യമായ സ്ഥലത്ത് ഏതെങ്കിലും ഒന്നോ രണ്ടോ സ്ഥലത്തെ കട്ടകള്‍ മാറ്റി ഒരു ചെറിയ ദൂരം മുഴുവം കേബിളുകളും പൈപ്പികളും ഇടാന്‍ സാധിക്കും.  ഇതിനൊപ്പം അറ്റകുറ്റപ്പണികൾ എളുപ്പത്തിലാവുകയും  അതിനുള്ള ചെലവ് വളരെയേറെ കുറയുകയും ചെയ്യും.

എന്നാൽ റോഡിൽ നനവുണ്ടാകുമ്പോൾ വഴുക്കലുണ്ടാവാനുള്ള സാധ്യത കൂടുതലാണ് . അത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് നിർമ്മാതാക്കൾ. റോട്ടർഡാമിലായിരിക്കും ഇത്തരം റോഡുകൾ ആദ്യം നിർമ്മിക്കുക.  ഇതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. റോഡുകള്‍ വരുന്നതൊടെ പ്ലാസ്റ്റിക് മാലിന്യ പ്രശ്നത്തിന് വലിയൊരു പരിഹാരമാണ് ഉണ്ടാകാന്‍ പോകുന്നത്.