പാര്‍ലമെന്‍ററി സമ്മേളനം: കശ്‌മീരിനെ ക്ഷണിക്കില്ലെന്ന് വീണ്ടും പാകിസ്ഥാന്‍

ഞായര്‍, 9 ഓഗസ്റ്റ് 2015 (09:51 IST)
നിലപാടില്‍ മാറ്റമില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി. പാകിസ്ഥാനില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി യൂണിയന്‍ സമ്മേളനത്തിലേക്ക് ജമ്മു കശ്‌മീര്‍ നിയമസഭ സ്പീക്കറെ ക്ഷണിക്കില്ലെന്ന് പാകിസ്ഥാന്‍ വീണ്ടും വ്യക്തമാക്കി. 
 
പാക് വിദേശകാര്യ- സുരക്ഷാ ഉപദേഷ്‌ടാവ് സര്‍താജ് അസീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുടെ കൈവശമുള്ള കശ്മീരിലെ സ്പീക്കറെ സമ്മേളനത്തിന് ക്ഷണിച്ചാല്‍ ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ വിട്ടുവീഴ്ച്ച ചെയ്യുന്നതിന് തുല്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
അതേസമയം, ജമ്മു കശ്മീരിലെ സ്പീക്കറെ ക്ഷണിക്കുന്നില്ലെങ്കില്‍ ഇസ്ലാമാബാദില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി യൂണിയന്‍ സമ്മേളനത്തില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
 
2007ല്‍ നടന്ന സമ്മേളനത്തില്‍ കശ്മീര്‍ പ്രതിനിധി പങ്കെടുത്തിരുന്നു. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ എട്ടുവരെ ഇസ്ലാമാബാദിലാണ് സമ്മേളനം നടക്കുന്നത്.

വെബ്ദുനിയ വായിക്കുക