പാരിസ് വെടിവെപ്പ്: ഗുരുതരമായി പരുക്കേറ്റ പൊലീസുകാരി മരിച്ചു
വ്യാഴം, 8 ജനുവരി 2015 (19:08 IST)
പാരിസില്‍ ഇന്ന് നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വനിതാ പൊലീസുദ്യോഗസ്ഥ മരിച്ചു. ആക്രമണത്തില്‍ പരുക്കേറ്റ രണ്ടാമത്തെയാളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
അക്രമിയെ ഇനിയും പിടികൂടിയിട്ടില്ല. ആക്രണത്തിന്റെ കാരണവും വ്യക്തമല്ല.
പാരീസിന്റെ ദക്ഷിണഭാഗത്തുള്ള മൊറൂഷിലാണ് സംഭവം നടന്നത്. പൊലീസുകാര്‍ക്ക് നേരെ അജ്ഞാതരായ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു. പൊലീസുകാര്‍ക്ക് നേരെ വെടിവച്ച അക്രമികള്‍ മെട്രോ ട്രയിനില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 52 കാരന്‍ പിടിയിലായതായി റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ ഫ്രാന്‍സിലെ പ്രമുഖ ആക്ഷേപ ഹാസ്യ വാരികയായ ചാര്‍ലി ഹെബ്ദോയുടെ ഓഫീസിനു ആക്രമണം നടന്ന സംഭവത്തില്‍ പൊലീസ് തിരയുന്ന മൂന്നുപേരില്‍ ഒരാള്‍ കീഴടങ്ങിയിരുന്നു. ഹാമിദ് മുറാദ് എന്ന 18 വയസുകാരനാണ് കീഴങ്ങിയത്. രണ്ട് സഹോദരങ്ങളടക്കം മൂന്നുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞിരുന്നു. പാരീസ് സ്വദേശികളായ ഷെരീഫ് കൊവാച്ചിയെന്ന മുപ്പത്തിരണ്ടുകാരനും സഹോദരന്‍ സയിദ് കൊവാച്ചിയേയും പൊലീസ് തിരഞ്ഞുവരികയാണ്.
ചാര്‍ലി ഹെബ്ദോയുടെ ഓഫീസിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിന്റെ ആഘാതത്തില്‍ നിന്ന് ഫ്രാന്‍സ് മുക്തമാകുന്നതിനു മുന്‍പാണ് പാരീസില്‍ വീണ്ടും വെടിവയ്പ്പ് നടന്നത്.