ഫ്രഞ്ച് ഭീകരനെ മൂന്നു തവണ പൊലീസ് കണ്ടു, പിന്നെ വിട്ടയ്‌ച്ചു
വ്യാഴം, 19 നവംബര്‍ 2015 (08:53 IST)
പാരിസ് ഭീകരാക്രമണത്തിനു ശേഷം രക്ഷപ്പെട്ട ഫ്രഞ്ച് ഭീകരൻ സലാഹ് അബ്ദസ്‌ലാം പൊലീസിന്റെ കൈയില്‍ നിന്നു വഴുതി പോയതു മൂന്നു തവണ. ആക്രമണം നടത്തിയ ശേഷം കാറില്‍ പാരിസിൽനിന്നു ബെൽജിയത്തിലേക്കു യാത്ര തുടര്‍ന്ന ഇയാളെ പൊലീസ് വഴിയില്‍ ചോദ്യം ചെയ്‌തെങ്കിലും സംശയം തോന്നാത്തതിനാല്‍ വിട്ടയ്‌ക്കുകയായിരുന്നുവെന്നു അബ്ദസ്‌ലാം രക്ഷപ്പെടാനായി ഉപയോഗിച്ച കാറോടിച്ച മുഹമ്മദ് അമ്‌രിയുടെ അഭിഭാഷകന്‍ സാവിയെ കരേറ്റ് പൊലീസിനോടു വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി പാരിസിൽ ആക്രമണം നടന്നതിനു പിന്നാലെ അബ്ദസ്‌ലാം അമ്‌രി ഫോണില്‍ വിളിക്കുകയായിരുന്നു. തന്റെ കാറിനു കേട് സംഭവിച്ചുവെന്നും അതിനാല്‍ തന്നെ ബ്രസൽസ് വരെ കൊണ്ടു പോയി വിടണമെന്നുമായിരുന്നു അബ്ദസ്‌ലാമിന്റെ ആവശ്യം. സംശയം തോന്നാതിരുന്ന അമ്‌രി കാറുമായി പുറപ്പെടുകയായിരുന്നുവെന്നും സാവിയെ കരേറ്റ് ചോദ്യം ചെയ്യലില്‍ ഫ്രഞ്ച് പൊലീസിനോടു പറഞ്ഞു.
വഴിയില്‍ വെച്ചു അബ്ദസ്‌ലാമിനെ അമ്‌രി കാറില്‍ കയറ്റി ബ്രസൽസ് വരെ എത്തിക്കുകയും ചെയ്‌തു. യാത്രയില്‍ ബെൽജിയൻ അതിർത്തിക്കു സമീപം പൊലീസ് മൂന്നിടത്ത് ഈ കാർ തടയുകയും ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. എന്നാല്‍ സംശയം തോന്നാതിരുന്നതിനാല്‍ വിട്ടയ്‌ക്കുകയായിരുന്നുവെന്നും സാവിയെ കരേറ്റ് വ്യക്തമാക്കി. യാത്രയില്‍ പാരിസ് ആക്രമണം സംസാരവിഷയമായതേയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് അമ്‌രി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.