അടുത്ത 10 വര്‍ഷത്തിനുള്ളില്‍ പാകിസ്ഥാന്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ആണവായുധ ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ ആണവായുധ നിര്‍മ്മാണം ഇന്ത്യയെ ലക്ഷ്യം വച്ചാണ്. ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഓരോ വര്‍ഷവും പാക്കിസ്ഥാന്‍ ഇരുപതോളം ആണു ബോംബുകളാണ് ആണവായുധശേഖരത്തില്‍ ചേര്‍ക്കുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ പത്രമായ വാഷിംഗ്‌ടണ്‍ പോസ്റ്റാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ആണവായുധ നിര്‍മാണത്തിനായി പാക്കിസ്ഥാനില്‍ നാലു പ്ലൂട്ടോണിയം നിര്‍മാണ റിയാക്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമ്പുഷ്ട യുറേനിയത്തിന്റെ വലിയശേഖരമുണ്ടെന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ ഇവയില്‍ നിന്ന് കൂടുതല്‍ ആയുധങ്ങള്‍ പാകിസ്ഥാന്‍ നിര്‍മ്മിക്കും. ആണവായുധശേഖരത്തില്‍ പിന്നെ പാകിസ്ഥാനു മുന്നില്‍ അമേരിക്കയും റഷ്യയും മാത്രമാകുമെന്നും വാഷിംഗ്‌ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിലെ കണക്കുകള്‍വെച്ചുനോക്കിയാല്‍ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ പാക്കിസ്ഥാന്റെ അണുബോംബ് ശേഖരം 350 ആയി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ ആണവശക്തികളെയും പാക്കിസ്ഥാന്‍ പിന്നിലാക്കും.
നിലവില്‍ പാക്കിസ്ഥാന് 120 അണുബോംബുകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇന്ത്യക്കാകട്ടെ നൂറോളം അണുബോംബുകളാണുള്ളത്. പാക്കിസ്ഥാന്റെ ആണവനയം ഇന്ത്യയെ മാത്രം ലക്ഷ്യമിട്ടിട്ടുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇന്ത്യയിലാകട്ടെ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിന്ന് പ്രതിവര്‍ഷം അഞ്ച് ആണവായുധങ്ങള്‍ മാത്രമാണ് ഇന്ത്യ നിര്‍മിക്കുന്നത്. ആദ്യം ആണവായുധം പ്രയോഗിക്കില്ല എന്നാണ് ഇന്ത്യയുടെ നിലപാട്.
ഇന്ത്യയുടെ പക്കല്‍ കൂടുതല്‍ ശേഷിയുള്ള പ്ലൂട്ടോണിയം ഉണ്ടെങ്കിലും ഇതില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് വൈദ്യുത നിര്‍മ്മാണത്തിനായാണ്. എന്നാല്‍ പാകിസ്ഥാന്‍ തങ്ങളുടെ കൈവശമുള്ള പ്ലൂട്ടോണിയം ഉപയോഗിക്കുന്നത് ആണവായുധം നിര്‍മ്മിക്കുന്ന്മതിനുവേണ്ടി മാത്രവും.