വസീരിസ്ഥാനില്‍ പാക് ഡ്രോണാക്രമണം; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (14:03 IST)
ആളില്ലാ വിമാനങ്ങള്‍ അഥവാ ഡ്രോണുകള്‍ യുദ്ധമുഖത്ത് ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനും. സ്വന്തമായി വികസിപ്പിച്ചെടുത്ത ബുറാഖ് എന്ന് ഡ്രോണ്‍ ഉപയോഗിച്ച് പാക് വ്യോമ സേന പാകിസ്ഥാനിലെ വസീരിസ്ഥാന്‍  ഭീകര്‍ക്കെതിരെ വ്യോമാക്രമണം നടത്തി. പാകിസ്ഥാന്‍ തദ്ദേശീയമായി വികസിപ്പിച്ച് ഡ്രോണിന്റെ പരീക്ഷണം കൂടിയായിരുന്നു ഈ ആക്രമണം.

ഷാവല്‍ താഴ്വരയില്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ലേസര്‍ നിയന്ത്രിത മിസൈല്‍ ഉപയോഗിച്ചാല്‍ ബുറാഖ് ആക്രമണം നടത്തിയത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സൈനിക റിപ്പോര്‍ട്ടുകളാണ് വാര്‍ത്തകള്‍ക്ക് ആശ്രയിച്ചിരിക്കുന്നത്.

ബുറാഖിന്റെ ഉപയോഗത്തൊടെ അമേരിക്ക, ഇസ്രായേല്‍, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ആക്രമണങ്ങള്‍ക്കായി ഡ്രോണ്‍ ഉപയോഗിക്കുന്ന രാജ്യമായി പാകിസ്ഥാന്‍. അതേസമയം ചൈനീസ് ഡ്രോണിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.

അമേരിക്ക നിരന്തരമായി ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്ന മേഖലയാണ് വസീരിസ്ഥാന്‍. പാകിസ്ഥാന്‍ ഈ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുമെങ്കിലും അമേരിക്ക ഇതുവരെ ആക്രമണം നിര്‍ത്തിയിട്ടില്ല. ഇന്ത്യയും സൈന്യത്തിനായി ഡ്രോണുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും കൂടുതലായും നിരീക്ഷണങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. ഇതുവരെ ആക്രമണ ലക്ഷ്യത്തോടെ ഇന്ത്യ ഡ്രോണുകളെ തയ്യാറാക്കിയിട്ടില്ല.

വെബ്ദുനിയ വായിക്കുക