പാകിസ്ഥാനുമായി സിവില്‍ ആണവകരാറിനേര്‍പ്പെടാന്‍ അമേരിക്ക തയ്യാറെടുക്കുന്നതിനിടെ പാകിസ്ഥാനെതിരെ കടുത്ത വിമര്‍ശനവുമായി യുഎസ് പാര്‍ലമെന്റ് അംഗം രംഗത്ത്. പാകിസ്ഥാന്‍ ചതിയും വഞ്ചനയും കാട്ടുന്ന രാജ്യമാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ടെന്നും അവരുമായി ആണവക്കരാര്‍ പോലുള്ള യാതൊരു പദ്ധതികളും ഒപ്പുവെക്കരുതെന്നും യുഎസ് പാര്‍ലമെന്റംഗം ടെഡ് പോയാണ് ആവശ്യപ്പെട്ടിരില്‍ക്കുന്നത്.
ഭീകരപ്രവര്‍ത്തനം, അണ്വായുധ നിര്‍വ്യാപനം-വ്യാപാരം തുടങ്ങിയവ കൈകാര്യം ചെയ്യുന്ന യു.എസ്. കോണ്‍ഗ്രസ് സബ് കമ്മിറ്റി തലവനാണ് ടെഡ്‌പോ. അവരെ വിശ്വസിക്കാന്‍ കൊള്ളില്ല. അവരുമായി ഒരുവിധത്തിലുള്ള ആണവക്കരാറും ഉണ്ടാക്കരുത്. പാകിസ്ഥാന്‍ സൈന്യത്തിന് നല്‍കിവരുന്ന സഹായം യു.എസ്. നിര്‍ത്തണം. അന്താരാഷ്ട്രസഹകരണം ദുരുപയോഗപ്പെടുത്തിയും സാങ്കേതികവിദ്യ മോഷ്ടിച്ചുമാണ് പാകിസ്ഥാന്‍ ആണവപദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളതെന്നും ടെഡ് പോ ആരോപിക്കുന്നു.
പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ യു.എസ്.സന്ദര്‍ശനവേളയിലാണ് പ്രസിഡന്റ് ഒബാമയ്ക്ക് മുതിര്‍ന്ന പാര്‍ലമെന്റംഗത്തിന്റെ മുന്നറിയിപ്പ് എന്നത് ശ്രദ്ദേയമാണ്. അതേസമയം വ്യാഴാഴ്ച നടക്കുന്ന നവാസ് ഷെരീഫ്-ഒബാമ കൂടിക്കാഴ്ചയില്‍ ഭീകരവാദമാവണം മുഖ്യവിഷയമെന്ന് യു.എസ്സിലെ പ്രതിരോധ വിദഗ്ധരും പറയുന്നു. മേഖലയിലെ ഭീകരവാദത്തിന്റെ മുഖ്യകേന്ദ്രമായ പാകിസ്ഥാന്‍ അത് തടയാന്‍ നടപടികള്‍ സ്വീകരിക്കാത്തത് കണ്ടില്ലെന്ന് നടിക്കരുതെന്നും അവര്‍ ആവശ്യപ്പെടുന്നു.