പാക്കിസ്ഥാനില്‍ പ്രക്ഷോഭം: രാജ്യത്തെ സ്തംഭിപ്പിക്കുമെന്ന് ഇമ്രാന്‍ ഖാന്‍

തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (16:09 IST)
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പ്രതിപക്ഷ നേതാവും പാക്കിസ്ഥാന്‍ തെഹ്രീക്ക് ഇന്‍സാഫ് (പിടിഐ) അധ്യക്ഷനായ ഇമ്രാന്‍ ഖാന്‍ വീണ്ടും രംഗത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ ഈ മാസം 16നുള്ളില്‍ രാജ്യം സ്തംഭിപ്പിക്കുമെന്നാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഈ വ്യാഴാഴ്ച ലഹോറും, എട്ടാം തീയതി ഫൈസലാബാദും 12ന് കറാച്ചി, 16ന് പാക്കിസ്ഥാന്‍ ഒന്നാകെയും സ്തംഭിപ്പിക്കുമെന്നാണ് ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ലമെന്റിന്റെ പുറത്ത് നടത്തുന്ന പ്രതിഷേധ വേദിയിലാണ് പാക്കിസ്ഥാന്‍ പ്രതിപക്ഷ നേതാവ് പ്രഖ്യാപനം നടത്തിയത്.

നവാസ് ഷെരീഫ്, ഇപ്പോള്‍ പന്ത് നിങ്ങളുടെ കോര്‍ട്ടിലാണ്, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുക, വിഷയം പരിഹരിക്കുക. ഡിസംബര്‍ 16 വരുമ്പോള്‍ പാക്കിസ്ഥാന്‍ ഞങ്ങള്‍ അടച്ചു പൂട്ടും. തുടര്‍ന്നുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ലെന്നും. ഓരോ ദിവസം ചെല്ലുന്തോറും തങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണെന്നും ഖാന്‍ വ്യക്തമാക്കി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി ജഡ്ജിമാരും ഐഎസ്ഐ, മിലിറ്ററി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്നാണ് ഇമ്രാന്‍ ഖാന്റെ ആവശ്യം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക