കശ്മീര്‍ പാകിസ്താന്റെ ഭാഗമാവുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പ്രസ്താവന അത്യാഗ്രഹമെന്ന് പാക് പത്രം. ഇത്തരം അബദ്ധജഡിലമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും ഡെയ്‌ലി ടൈംസ് എന്ന പാക്ക് പത്രം ശരീഫിന് മുന്നറിയിപ്പു നല്‍കി. വിവാദപരമായ ആലങ്കാരിക പ്രയോഗങ്ങള്‍ക്കു മുതിരാതെ ശാന്തമായ മനസ്സോടെ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനുള്ള വഴികള്‍ തേടണമെന്നും പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.
പാകിസ്ഥാന് കശ്മീരിനെക്കുറിച്ച് സംസാരിക്കാം. എന്നാല്‍, വിവാദ പരാമര്‍ശങ്ങള്‍ അനുചിതമാണ്. വിവാദ പരാമര്‍ശത്തിലൂടെ ഇന്ത്യയെ പ്രകോപിപ്പിച്ച പ്രധാനമന്ത്രി കൂടുതല്‍ പ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. ഇത് പാകിസ്ഥാന് മാത്രമല്ല, കശ്മീരികള്‍ക്കു കൂടി അപകടമാണെന്നും പത്രം കുറ്റപ്പെടുത്തുന്നു. ജമ്മുകശ്മീര്‍ പാകിസ്ഥാന്‍േറതാണെന്ന് സംസാരിക്കാന്‍ എളുപ്പമാണ്. അത് എങ്ങനെ പ്രാവര്‍ത്തികമാക്കും എന്നതിനെക്കുറിച്ച് ആര്‍ക്കും അറിയില്ല. ചര്‍ച്ചയിലൂടെയോ യുദ്ധത്തിലൂടെയോ മാത്രമേ അത് സാധ്യമാവൂ. മറ്റു വഴികള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രായോഗികമല്ല.
കശ്മീര്‍ സംഘര്‍ഷത്തിന് ആ ജനത ഇതിനകം തന്നെ കനത്ത വില നല്‍കിക്കഴിഞ്ഞു. കൂടുതല്‍ മേഖലകള്‍ പിടിച്ചെടുക്കുന്നതിനെക്കുറിച്ചു സംസാരിക്കാതെ പാക് അധീന കശ്മീര്‍ ഒരു മാതൃകയായി മാറ്റുകയാണ് വേണ്ടത്. പാക് അധീന കശ്മീരില്‍ നല്ല ഭരണം കാഴ്ചവെക്കുന്നതില്‍ 67 വര്‍ഷമായി സര്‍ക്കാര്‍ പരാജയമാണ്. ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ ശാശ്വതമായി പരിഹരിക്കണമെന്നും പത്രം ആവശ്യപ്പെടുന്നു.