രാജ്യാന്തരവിപണിയില്‍ എണ്ണവില്‍ അകുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ നിര്‍ണ്ണായക യോഗം വിയന്നയില്‍ ഇന്ന് ചേരും. ബാരലിന് 77.63 ഡോളര്‍ ആണ് ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയിലുള്ള എണ്ണവില. അഞ്ചു മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ എണ്ണവില നില്‍ക്കുന്നത്.
ഉല്‍പാദനം കുറച്ച് വില ഉയര്‍ത്തണമെന്നു ചില രാജ്യങ്ങള്‍ വാദിക്കുമ്പോള്‍, ഇതേ നില തുടര്‍ന്നാല്‍ മതിയെന്ന നിലപാടിലാണ് മറ്റുള്ളവര്‍. ഇറാഖ്, വെനസ്വേല എന്നീ രാജ്യങ്ങളാണ് ഉത്പാദനം കുറയ്ക്കണം എന്ന് വാശിപിടിക്കുന്നത്. എണ്ണവില കുറയുന്നത് ഈ രാജ്യങ്ങളുടെ സാമ്പത്തിക മേഖലയില്‍ വന്‍ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്.
എണ്ണ ഉല്‍പാദനത്തില്‍ കാര്യമായ മാറ്റം വരുത്തേണ്ടതില്ല. വൈകാതെ വില സ്ഥിരത നേടും. വിപണി നിയന്ത്രിക്കാന്‍ ഒപെക്കില്‍ അംഗമല്ലാത്ത രാജ്യങ്ങളുടെ പിന്‍തുണയും വേണമെന്നുമാണ് സൌദി അറേബ്യയുടെ നിലപാട്. എണ്ണയുടെ അധിക ലഭ്യത നിയന്ത്രിക്കേണ്ട ബാധ്യത ഒപെക്കിനു മാത്രമല്ല. മറ്റു രാജ്യങ്ങളും പങ്കാളികളാകണമെന്ന് ഇറാന്‍ വാദിക്കുന്നു. ആശങ്കയ്ക്കു കാര്യമില്ലെന്നും വില സ്ഥിരത നേടുമെന്നും യുഎഇയും പറയുന്നു.
ഉല്‍പാദനത്തില്‍ മാറ്റം വരാന്‍ സാധ്യതയില്ലെന്ന ഇറാന്റെ പ്രഖ്യാപനമാണ് ഇപ്പോള്‍ വില കുറയുന്നതിന് കാരണമായത്. 2015 ല്‍ ലോകത്ത് എണ്ണയുടെ ഉപയോഗം പ്രതിദിനം 9.23 ലക്ഷം ബാരല്‍ എന്നു കണക്കാക്കുന്നു. ഒപെക് ഇതര രാജ്യങ്ങളില്‍ യുഎസ്, കാനഡ, ബ്രസീല്‍, ചൈന എന്നിവയുടെ സംഭാവന നിര്‍ണായകമാവും. ഒപെക് ഇതര രാജ്യങ്ങളുടെ ഉല്‍പ്പാദനത്തില്‍ 2015 ല്‍ പ്രതിദിനം 12 ലക്ഷം ബാരലിന്റെ വര്‍ധന പ്രതീക്ഷിക്കുന്നു.