ഇന്ത്യയും ചൈനയും തമ്മിലുളള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ മൂന്നാമതൊരു രാജ്യത്തിന്റെ സഹായം വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഉഭകക്ഷി ചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിക്കാന്‍ കഴിയും. ഇരു രാജ്യങ്ങളും രാഷ്‌ട്രീയ-സാമ്പത്തിക മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്നും മോഡി ചൂണ്ടിക്കാണിച്ചു. യുഎസ് സന്ദര്‍ശനത്തിനിടെ നടന്ന സംവാദത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ന്യൂയോര്‍ക്കില്‍ ബഹുരാഷ്‌ട്ര കമ്പനിയുടെ തലവന്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ 'മേക്ക് ഇന്‍ ഇന്‍ഡ്യ' പദ്ധതിയില്‍ പങ്കാളികളാവാനുളള ക്ഷണം മൂന്നോട്ടുവച്ചു. ഇന്ത്യ മാറ്റം ആഗ്രഹിക്കുന്നു. ചുവപ്പുനാടയ്‌ക്ക് പകരം ചുവപ്പു പരവതാനിയാണ് കമ്പനികളെ കാത്തിരിക്കുന്നതെന്നു മോഡി പറഞ്ഞു. 2015 ല്‍ ആഗോള നിക്ഷേപ സംഗമം നടത്താനുളള തീരുമാനവും വെളിപ്പെടുത്തി.
നികുതിയിളവും തൊഴില്‍ നിയമങ്ങള്‍ ലളിതമാക്കലും സാമ്പത്തിക പരിഷ്‌കാരങ്ങളും ഇന്ത്യന്‍ പ്രധാനമന്ത്രി വാഗ്‌ദാനം ചെയ്‌തു. പകരം അടിസ്‌ഥാന സൗകര്യവികസനവും തൊഴിലവസരങ്ങളും ഉല്‍പ്പാദനമേഖലയിലെ നിക്ഷേപവുമാണ് ആവശ്യമെന്നും മോഡി പറഞ്ഞു. മാസ്‌റ്റര്‍ കാര്‍ഡ് മേധാവി അജയ് ബംഗ, പെപ്‌സികോ മേധാവി ഇന്ദ്ര നൂയി, ഗൂഗിള്‍ മേധാവി എറിക് ഷ്‌മിറ്റ് എന്നിവരടക്കം 11 കമ്പനികളുടെ മേധാവികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.