ലഖ്‌വിയുടെ ശബ്ദരേഖ ഇന്ത്യക്ക് കൈമാറില്ല: പാകിസ്ഥാൻ

Webdunia
ഞായര്‍, 12 ജൂലൈ 2015 (12:57 IST)
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സക്കിയൂർ റഹ്മാൻ ലഖ്‍വിയെ വിട്ടയച്ച നടപടിക്ക് പിന്നാലെ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. ലഖ്‍വിയുടെ ശബ്ദരേഖ കൈമാറാനാകില്ലെന്ന് ലഖ്‍വിയുടെ അഭിഭാഷകന്‍ വ്യക്തമാക്കുകയായിരുന്നു. ശബ്ദരേഖ കൈമാറാൻ ലഖ്‍വി വിസമ്മതിച്ചു. പാക് നിയമപ്രകാരം പ്രതിയുടെ അനുമതിയില്ലാതെ ശബ്ദരേഖ കൈമാറാനാവില്ലെന്നും അഭിഭാഷകൻ അറിയിച്ചു.

2008ലായിരുന്നു 166 പേരുടെ ജീവനെടുത്ത മുംബൈ ഭീകരാക്രമണം നടന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്‌തത് ലഖ്‌വിയാണെന്ന് കണ്ടെത്തുകയും  2008 ഡിസംബറില്‍ ഇയാളെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് തടവില്‍ വച്ചിരിക്കുന്നത് അനധികൃതമാണെന്നും ഉടന്‍ മോചിപ്പിക്കണമെന്നുമുള്ള ലഹോര്‍ ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഏപ്രിലിൽ ലഖ്‍വി ജയിൽ മോചിതനായത്.

മുംബൈ ഭീകരാക്രമണക്കേസിലെ പാക് വിചാരണ വേഗത്തിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും കഴിഞ്ഞ നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു. ഇതിന് പിന്നാലെയാണ് ലഖ്‍വിയുടെ ശബ്ദരേഖ കൈമാറാനാകില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയത്.