മോഡിക്കുവേണ്ടി നേപ്പാളില്‍ ഹര്‍ത്താല്‍!

Webdunia
ശനി, 22 നവം‌ബര്‍ 2014 (12:41 IST)
വേറൊരു രാജ്യത്തിന്റെ ഭരണാധികാരിക്കായി ഒരുരാജ്യത്തിലെ ജനങ്ങള്‍ ഹര്‍ത്താല്‍ അചരിച്ചതായി നിങ്ങള്‍ കേട്ടിട്ടുണ്ടൊ? ഇല്ലാ എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ അതും സംഭവിച്ചിട്ടുണ്ട് എന്ന് പറയേണ്ടി വരും. മറ്റെങ്ങുമല്ല നമ്മുടെ സ്വന്തം അയല്‍പ്പക്കമായ നേപ്പാളിലാണ് ഹര്‍ത്താല്‍ നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനം ഭരണകൂടം റദ്ദാക്കി എന്ന് ആരോപിച്ചാണ് നേപ്പാളികള്‍ ഹര്‍ത്താല്‍ നടത്തിയത്.

നവംബര്‍ 26 - 27 തീയതികളില്‍ കാഠ്മണ്ഡുവില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നേപ്പാളിലെ കാഠ്മണ്ഡുവിലെത്തുന്ന മോഡി സീതാദേവിയുടെ ജന്മ സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ജാനക് പൂരില്‍ സന്ദര്‍ശനം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സന്ദര്‍ശനം റദ്ദ് ചെയ്തതായി വാര്‍ത്തകള്‍ വന്നതോടെ ജാനക് പൂരില്‍ പ്രതിഷേധമുണ്ടാവുകയായിരുന്നു.

ജാനക് പൂര്‍ , ലുംബിനി , മുക്തി നാഥ് തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിക്കുമെന്നായിരുന്നു നേരത്തെ വിവരങ്ങള്‍ ഉണ്ടായിരുന്നത്. മോഡിയുടെ സന്ദര്‍ശനം റദ്ദായതില്‍ ഭരണകൂടത്തിനു പങ്കുണ്ടെന്ന് ആരോപണം നേപ്പാള്‍ നിഷേധിച്ചിട്ടുണ്ട്. അതിനിടെ മോഡി ജാനക് പൂരില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കില്ല എന്ന് പറഞ്ഞ നേപ്പാള്‍ ആഭ്യന്തര മന്ത്രിയുടെ കോലം പ്രക്ഷോഭകര്‍ കത്തിച്ചു.

എന്നാല്‍ നരേന്ദ്ര മോദിയുടെ ജാനക് പൂര്‍ സന്ദര്‍ശനം റദ്ദാക്കിയതായുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സന്ദര്‍ശനം റദ്ദാക്കിയെന്ന വിവരം ലഭിച്ചിട്ടില്ലെന്ന് നേപ്പാളിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയവും പറഞ്ഞു. മോഡി ജാനക്പൂരും മറ്റു സ്ഥലങ്ങളും സന്ദര്‍ശിക്കണമെന്നും മോഡിക്ക് പൊതുസ്ഥലത്ത് സ്വീകരണമൊരുക്കണമെന്നും മധേശി നേതാവും സദ്ഭാവന പാര്‍ട്ടി അദ്ധ്യക്ഷനുമായ രാജേന്ദ്ര മഹാതോ പറഞ്ഞു . സുരക്ഷയുടെ പേരില്‍ മോഡിയെ പൊതുജനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.