ഇനി മോഡിയുടെ യാത്ര ബ്രിട്ടനിലേക്ക്; സന്ദര്‍ശനം അവിസ്മരണിയമാക്കാന്‍ ഇന്ത്യന്‍ വംശജര്‍

Webdunia
ബുധന്‍, 7 ഒക്‌ടോബര്‍ 2015 (17:25 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുത്ത വിദേശ സന്ദര്‍ശനം ബ്രിട്ടണിലേക്ക്. മോഡിയുടെ സന്ദര്‍ശനം അവിസ്മരണിയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രിട്ടണിലെ ഇന്ത്യന്‍ വംശജര്‍. ലണ്ടണിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് മോഡിക്ക് സ്വീകരണം നല്‍കുക. ഇതിനായുള്ള തയ്യാറെപ്പുകള്‍ പുരോഗമിക്കുകയാണ്. നാല് ഇന്ത്യന്‍ പ്രവാസി സംഘടനകളാണ് മോഡി സന്ദര്‍ശനത്തിനായി ആളെ കൂട്ടാന്‍ കരുനീക്കങ്ങള്‍ നടത്തുന്നത്.

മുഖ്യമായും ആർട്ട് ഓഫ് ലിവിങ്, ഇസ്‌കോൺ, സ്വാമിനാരായൺ മന്ദിർ, ഇന്ത്യൻ മുസ്ലിം ഫെഡറേഷൻ എന്നീ സംഘടനകളാണ് സ്വീകരണ പരിപാടിയുടെ കടിഞ്ഞാൻ ഏറ്റെടുത്തിരിക്കുന്നത്. ഇവരോടൊപ്പം തോളോട് തോൾ ചേർന്ന് 400 വിവിധ ഇന്ത്യൻ ഗ്രൂപുകളും ആളെക്കൂട്ടാൻ രംഗത്തുണ്ട്. അതേസമയം ഇന്ത്യന്‍ വംശജര്‍ നടത്തുന്ന സ്വീകരണ ചടങ്ങിലേക്ക് നാല് ബ്രിട്ടീഷ് എം‌പിമാര്‍ തങ്ങളുടെ ശമ്പളം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. കീത്ത് വാസ്, വീരേന്ദ്ര ശർമ്മ, സ്റ്റീവ് പൗണ്ട്, സീമ മൽഹോത്ര എന്നിവരാണ് ശമ്പളം സംഭാവന നൽകിയ എം പി മാർ.

വെംബ്ലി സ്റ്റേഡിയത്തില്‍ ഇതിനോടകം തന്നെ അരലക്ഷത്തോളം സീറ്റുകള്‍ മുന്‍‌കൂറായി ബുക്ക് ചെയ്തു പോയിക്കഴിഞ്ഞതായാണ് വാര്‍ത്തകള്‍. നവംബര്‍ 13നാണ് മോഡിയുടെ ബ്രിട്ടണ്‍ സന്ദര്‍ശനം. ടു നേഷൻസ്, വൺ ഗ്ലോറിയസ് ഫ്യൂച്ചർ എന്ന സന്ദേശവും ആയാണ് നവംബർ 13 നു വെംബ്ലി സ്‌റ്റേഡിയത്തിൽ അര ലക്ഷത്തിലേറെ ഇന്ത്യന്‍ വംശജര്‍ തടിച്ചു കൂടുക. മോഡിയുടെ വരവ് പ്രമാണിച്ച് അന്നേദിവസം ബ്രിട്ടീഷ് മന്ത്രിസഭയില്ലെ എല്ലാ മന്ത്രിമാരും തങ്ങളുടെ ചടങ്ങുകള്‍ റദ്ദാക്കിയിട്ടുണ്ട്.

വെംബ്ലി സ്റ്റേഡിയത്തിനു പുറമെ നൂറുകണക്കിന് ആളുകള്‍ മോഡിയേക്കാണാന്‍ സ്റ്റേഡിയത്തിനു പുറത്ത് എത്തിച്ചേരുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. 10 വർഷമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബ്രിട്ടീഷ് മണ്ണിൽ കാലു കുത്തിയിട്ടില്ല. ഇത് തിരുത്തിയെഴുതുകയാണ് മോഡിയുടെ യാത്രോദ്ദേശ്യം. കൂടാതെ തന്ത്രപ്രധാനമായ പല കരാറുകളിലും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പിടും. മോഡിയുടെ സന്ദര്‍ശനം കൊഴുപ്പിക്കുന്നതിനായി ഓരോ മിനുട്ടിലേയും വിവരങ്ങള്‍ അറിയിക്കാനായി modi@ukwelcomse എന്ന പേരിൽ ട്വിറ്റർ പേജും സജീവമാണ്.