മിനാ ദുരന്തം: മലയാളി മരിച്ചു, സൗദി രാജാവ് അന്വേഷണത്തിന് ഉത്തരവിട്ടു
വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (09:37 IST)
ബലി പെരുനാൾ ദിനത്തിൽ ഹജ്ജ് കര്‍മ്മം പുരോഗമിക്കുന്നതിനിടെ മിനായിൽ തിക്കിലും തിരക്കിലും പെട്ടു ദുരന്തത്തിൽ ഇതുവരെ 717 മരിച്ച സാഹചര്യത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് സൗദി രാജാവ് ഉത്തരവിട്ടു. ഏത് തരത്തിലുള്ള അന്വേഷണത്തിനാണ് ഭരണ്‍കൂടം ഉത്തരവിട്ടിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം, അപകടമുണ്ടായ സാഹചര്യത്തില്‍ സൌദി സര്‍ക്കാരിനെ വിമര്‍ശിച്ച് ഇറാന്‍ രംഗത്തെത്തി. സൌദി ഭരണകൂടത്തിന്റെ പിടിപ്പ് കേടാണ് അപകടത്തിന് കാരണമായതെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. അപകടത്തില്‍ നൂറോളം ഇറാന്‍ സ്വദേശികള്‍ മരിച്ചിരുന്നു.
ദുരന്തത്തിൽ ഒരു മലയാളിയടക്കം നാല് ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരണം ഉണ്ടായി. മലപ്പുറം ചേലേമ്പ്ര ചക്കുവളവ് ആശാരിത്തൊടി അബ്ദുറഹ്മാൻ (51) മരിച്ചതായും ഭാര്യ സുലൈഖ പരുക്കുകളോടെ ആശുപത്രിയിലാണെന്നും ബന്ധുക്കൾക്കു വിവരം ലഭിച്ചു. റിയാദിൽ നിന്നാണ് ഇദ്ദേഹം ഹജ് കർമ്മത്തിനായി പോയത്. കോട്ടയം സ്വദേശിയായ സക്കീബിന് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
കുടുംബത്തോടൊപ്പം റിയാദില്‍ താമസിച്ചിരുന്ന അബ്ദുറഹിമാന്‍ അവിടെനിന്നാണ് ഹജ്ജിന് പോയത്. മക്കള്‍: അഷറഫ് (സൗദി), മുംതാസ്, ഹബീബ് സല്‍മാന്‍. മരുമക്കള്‍: അബ്ദുള്‍നിസാര്‍, സഹീറ. സഹോദരന്‍: മുഹമ്മദ്.
ദുരന്തത്തിൽ ഇതുവരെ 717 മരിച്ചതായി സ്ഥരീകരിച്ചിട്ടുണ്ട്. 863 പേർക്ക് പരുക്കേറ്റു. ഇന്നലെ സുഖുൽ അറബ് റോഡിനും കിംഗ് ഫഹദ് റോഡിനും ഇടയിൽ ഇരുനൂറ്റി നാലാം നമ്പർ തെരുവിലാണ് അപകടമുണ്ടായത്. സംഭവം സൗദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണു സൂചന.