''സ്ത്രീയായി ജീവിക്കാന്‍ ഏറ്റവും ഭയാനകമായ രാജ്യം'' സൊമാലിയയുടെ ആദ്യ വനിതാ പ്രസിഡന്റാകാന്‍ ട്രക്ക് ഡ്രൈവറുടെ മകള്‍

Webdunia
ചൊവ്വ, 9 ഓഗസ്റ്റ് 2016 (15:12 IST)
സ്ത്രീയായി ജീവിക്കാന്‍ ഏറ്റവും ഭയാനകമായ രാജ്യമെന്നാണ് സൊമാലിയയെ മുന്‍ മന്ത്രി മരിയന്‍ കാസിം വിശേഷിപ്പിച്ചത്. ഗര്‍ഭിണിയാവുക എന്നതാണ് ഒരു സ്ത്രീയെ സംബന്ധിച്ച് സൊമാലിയയില്‍ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ ദുരവസ്ഥയെന്നും രാജ്യത്തെ സുപ്രധാനമായ പദവിയിലിരുന്ന വനിത തന്നെ വിശേഷിപ്പിച്ചു. 
 
സൊമാലിയെ കുറിച്ചുള്ള ഇത്തരം ആരോപണങ്ങള്‍ക്ക് ചിലപ്പോള്‍ ഫഡുമോ ഡയിബ് എന്ന 43കാരിയിലൂടെ അന്ത്യം കുറിച്ചേക്കാം. അഭിയാര്‍ത്ഥിയായി ജനിച്ച ഫുഡുമോയ്ക്ക് സൊമാലിയ ഒരു വെല്ലുവിളിയല്ല. കെനിയയില്‍ അഭിയാര്‍ത്ഥികളായ കഴിഞ്ഞ മാതാപിതാക്കള്‍ മാതൃരാജ്യത്തിന്റെ അവസ്ഥ ഫഡുമോ ഡയിബിന് ആദ്യം മുതല്‍ക്കേ നല്‍കിയിട്ടുണ്ട്. ട്രക്ക് ഡ്രൈവറായ പിതാവും നാടോടിയായ അമ്മയും കെനിയയില്‍ പുതിയ ജീവിതം കെട്ടിപടുത്തെങ്കിലും അഭിയാര്‍ത്ഥികളായ അവരെ 1989ല്‍ നാടുകടത്തി. എന്നാല്‍ സൊമാലിയയിലെ കടുത്ത അഭ്യന്തരയുദ്ധം അവരെ ഫിന്‍ലന്‍ഡിലെ അഭയാര്‍ത്ഥികളാക്കി മാറ്റി. അവിടേയും ജീവിതം വെല്ലുവിളികള്‍ നേരിട്ടു. 
 
അഭിയാര്‍ത്ഥി ജീവിതത്തിന്റെ അലച്ചിലിനിടെ ഫഡുമോ എഴുതാനും വായിക്കാനും പഠിച്ചത് തന്റഎ 14ാമത്തെ വയസില്‍. പക്ഷെ നിശ്ചയദാര്‍ഢ്യവും മനക്കരുത്തും കൈമുതലാക്കി ഹാര്‍വാഡ് സര്‍വ്വകലാശാലയുടേതടക്കം മൂന്ന് ബിരുദങ്ങളും തന്റെ പേരിനൊപ്പം ഫഡുമോ എഴുതിച്ചേര്‍ത്തു. സ്ത്രീ സംബന്ധമായ വിഷയത്തില്‍ ഗവേഷണം നടത്തുകയാണ് ഫഡുമോ ഇപ്പോള്‍. 
 
2005ലാണ് സൊമാലിയയിലേക്ക് ഫഡുമോയും കുടുംബവും തിരിച്ചെത്തിയത്. അഭ്യന്തര കലാപവും ദാരിദ്ര്യവും ഭീകരതയും മാതൃരാജ്യത്ത് കൊടിക്കുത്തി വാഴുന്ന കാലത്ത് പുന്റലന്‍ഡില്‍ ഐക്യരാഷ്ട്ര സഭയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അഭ്യന്തര സംഘര്‍ഷങ്ങളില്‍ നിന്ന് തിരിച്ചുവരുന്ന ലൈബീരിയ ഫുഡുമോയ്ക്ക് സൊമാലിയയെ കുറിച്ചുള്ള നവ പ്രതീക്ഷകള്‍ നല്‍കി. 68 ശതമാനം തൊഴിലില്ലായ്മ നടമാടുന്ന തന്റെ രാജ്യത്തിന്റെ അവസ്ഥ മാറ്റി മറയ്ക്കണമെന്നാണ് ഫഡുമോയുടെ ലക്ഷ്യം. സൊമാലിയയുടെ ആദ്യ വനിതാ പ്രസിഡന്റാകാന്‍ തയ്യാറെടുക്കുന്ന ഫുഡുമോ രാജ്യത്തെ സംബന്ധിക്കുന്ന എല്ലാ വെല്ലുവിളികളും ഏറ്റെക്കാന്‍ തയ്യാറാണ്. വധഭീഷണികള്‍ തുടര്‍ച്ചയായി എത്തുന്നുണ്ടെങ്കിലും എന്തുവിലകൊടുത്തും മത്സരിച്ച് ജയിക്കണമെന്ന നിലപാടിലാണ് 43കാരിയായ ഫഡുമോ ഡയിബ്. 
 
 
Next Article