മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള പേടകവുമായി നാസ

Webdunia
വെള്ളി, 5 ഡിസം‌ബര്‍ 2014 (12:00 IST)
മനുഷ്യനെ ചൊവ്വയിലെത്തിക്കുന്ന ബഹിരാകാശ പേടകം നാസ രൂപകല്‍പ്പന ചെയ്തു. എന്നാല്‍ പദ്ധതിക്കായി തയ്യാറാക്കിയ പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം നാസ മാറ്റിവച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് പരീക്ഷണം മാറ്റിവച്ചത്.

ഓറിയോണ്‍ സ്‌പേസ് കാപ്‌സ്യൂള്‍ എന്നാണ് വിക്ഷേപിക്കാനിരുന്ന് പേടകത്തിന്റെ പേര്. ഫ്‌ലോറിഡയിലെ കേപ് കനവറാല്‍ സ്‌റ്റേഷനില്‍ നിന്ന് ഡെല്‍റ്റ റോക്കറ്റില്‍ ഓറിയോണിനെ വിക്ഷേപിക്കാനായിരുന്നു നാസയുടെ പദ്ധതി . എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് അവസാന നിമിഷമാണ് പരീക്ഷണം മാറ്റിവച്ചത്.

1960 ,70 കളില്‍ നടന്ന ചാന്ദ്ര ദൗത്യമായ അപ്പോളോക്ക് ശേഷം നാസ നടത്തുന്ന വലിയ കാല്‍വയ്പാണ് ഓറിയോണ്‍. ചൊവ്വാ യാത്രക്കായി ബഹിരാകാശ സഞ്ചാരികളെ കൊണ്ടുപോകുന്നതിനായാണ് പേടകം രൂപകല്‍പ്പന ചെയ്തത്. മനുഷ്യരില്ലാതെ കാപ്‌സ്യൂളിനെ ബഹിരാകാശത്ത് എത്തിച്ച് രണ്ട് തവണ ഭൂമിയെ ഭ്രമണം ചെയ്യിച്ച ശേഷം തിരികെ എത്തിക്കാനാണ് നാസയുടെ ഇപ്പോഴത്തെ പദ്ധതി.

മാറ്റിവച്ച പരീക്ഷണം കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് 24 മണിക്കൂറിനകം നടത്തുമെന്നാണ് ഇപ്പോള്‍ നാസ അറിയിച്ചിരിക്കുന്നത്. കാപ്‌സ്യൂളിനെ വിക്ഷേപിക്കാന്‍ കൂടുതല്‍ ശേഷിയുള്ള വലിയ റോക്കറ്റായ സ്‌പേസ് ലോഞ്ച് സിസ്റ്റവും നിര്‍മ്മാണ ഘട്ടത്തിലാണ് . ഇതു രണ്ടും സജ്ജമാകുന്നതോടെ ബഹിരാകാശ ഗവേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാമെന്നാണ് നാസയുടെ കണക്ക് കൂട്ടല്‍. 2030 കളോടെ മനുഷ്യനെ ചൊവ്വയിലെത്തിക്കാനാണ് നാസയുടെ പദ്ധതി. അതിന് മുന്‍പ് ഛിന്നഗ്രഹങ്ങളില്‍ മനുഷ്യനെ ഇറക്കാനും ലക്ഷ്യമിടുന്നുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.