മനുഷ്യന്റെ ചൊവ്വാ യാത്രയ്ക്ക് നാസ പദ്ധതി തയ്യാറാക്കി
ഞായര്‍, 11 ഒക്‌ടോബര്‍ 2015 (12:30 IST)
മനുഷ്യനെ ചൊവ്വയിലെവ്ത്തിക്കാനും ചൊവ്വയില്‍ വര്‍ഷങ്ങളോളം താമസിപ്പിക്കാനും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ തയ്യാറെടുക്കുന്നു. 2030ഓടെ മനുഷ്യനെ ചൊവ്വയിലെത്തിക്കാനാണ് നാസ പരിശ്രമിക്കുന്നത്. ഇതിനായുള്ള വിശദമായ രൂപരേഖ നാസ പ്രസിദ്ധീകരിച്ചു. ബഹിരാകാശ പര്യവേക്ഷണത്തിനുള്ള ബജറ്റിന് യു.എസ്.കോണ്‍ഗ്രസ്സുമായി നാസയുടെ ചര്‍ച്ച നടക്കാനിരിക്കുകയാണ്. അടുത്തയാഴ്ച ജറുസലേമില്‍ സ്‌പേസ് ഇന്‍ഡസ്ട്രി നേതാക്കളുടെ അന്താരാഷ്ട്ര സമ്മേളനവും നടക്കുകയാണ്. അതിന് മുന്നോടിയായാണ് സുപ്രധാന രേഖ നാസ പുറത്തുവിട്ടത്.
മൂന്ന് ഘട്ടങ്ങളുള്ള ഒരു തന്ത്രമാണ് നാസ ചൊവ്വയ്ക്കായി രൂപപ്പെടുത്തിയിട്ടുള്ളത്. ബഹിരാകാശ സഞ്ചാരികളുടെ പരിശീലനം, സ്പേസ് ക്യാപ്സൂളിന്റ്റ്റെ പരീക്ഷണം, മനുഷ്യന്റെ ചൊവ്വായാത്രയും അവിടുത്തെ താമസവും എന്നിവയാണ് മൂന്ന് ഘട്ടങ്ങള്‍. അതില്‍ ആദ്യഘട്ടം ഇപ്പോള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുകയാണ്.
സഞ്ചാരികളുടെ ആരോഗ്യം, സ്വഭാവം, ജീവന്‍രക്ഷാ സംവിധാനങ്ങള്‍ (ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, ജലത്തിന്റെ പുനരുപയോഗം, ത്രീഡി പ്രിന്റിങ് എന്നിങ്ങന) തുടങ്ങിയ സംഗതികളിലാണ് ബഹിരാകാശ നിലയത്തില്‍ പരീക്ഷണം നടക്കുന്നത്. സ്‌പേസ് ലോഞ്ച് സിസ്റ്റംസ് ( SLS ) എന്ന പേരിലുള്ള, ഇന്നുവരെ മനുഷ്യന്‍ രൂപപ്പെടുത്തിയിട്ടുള്ള ഏറ്റവും ശക്തിയേറിയ റോക്കറ്റുപയോഗിച്ച് 'ഓറിയണ്‍' ( Orion ) എന്ന പുതിയ സ്‌പേസ് ക്യാപ്‌സ്യൂളിന്റെ വിക്ഷേപണമാണ് രണ്ടാംഘട്ടം. അത് 2018 ല്‍ ആരംഭിക്കും.
അതിനെ തുടര്‍ന്ന് നാസ പദ്ധതിയിടുന്നത് ഭൂമിക്ക് ചന്ദ്രനുമിടയ്ക്കുള്ള മേഖലയില്‍ യാത്രചെയ്യുകയെന്നതാണ്. ബഹിരാകാശ യാത്രികര്‍ക്ക് കൂടുതല്‍ പരിചയം ലഭിക്കാനാണിത്. മൂന്നാംഘട്ടത്തിലാണ് ചൊവ്വയുടെ പ്രതലത്തില്‍ മനുഷ്യന്‍ താമസിക്കുക. അതിനായി പ്രത്യേക ബഹിരാകാശ പേടകങ്ങളാകും ഉപയോഗിക്കുക. മനുഷ്യര്‍ക്ക് വര്‍ഷങ്ങളോളം താമസിക്കാന്‍ പാകത്തിലുള്ളതാകും ആ പേടകങ്ങളെന്ന് നാസയുടെ രേഖ പറയുന്നു. ചൊവ്വയിലെ വിഭവങ്ങളുപയോഗിച്ച് ഇന്ധനം, ജലം, ഓക്‌സിജന്‍ തുടങ്ങിയ സൃഷ്ടിച്ചുകൊണ്ടാകും അവിടുത്തെ മനുഷ്യവാസം.
ചൊവ്വയില്‍ മനുഷ്യന്‍ താമസമാരംഭിക്കുന്ന മൂന്നാംഘട്ടം എപ്പോള്‍ തുടങ്ങുമെന്ന് നാസ വ്യക്തമായി പറയുന്നില്ല. 2030 നോ അതിന് ശേഷമോ ആകും അതെന്നാണ് വിവരം. അതീവ വെല്ലുവിളികള്‍ നേരിടുന്ന ഒന്നാണ് മനുഷ്യനെ ചൊവ്വയിലേക്കാനുള്ള പ്രവര്‍ത്തനമെങ്കിലും, 'പരിഹരിക്കാന്‍ കഴിയുന്നവ'യാണ് അത്തരം പ്രശ്‌നങ്ങളെന്ന് നാസയുടെ രേഖ പറയുന്നു. സമീപഭാവിയില്‍ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളെ ചൊവ്വയിലേക്കയ്ക്കുന്ന കാര്യത്തില്‍ നാസ ലക്ഷ്യത്തോട് അടുക്കുകയാണെന്ന്, നാസ അഡ്മിനിസ്‌ട്രേറ്റര്‍ ചാള്‍സ് ബോള്‍ഡന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
എന്നാല്‍, ബഹിരാകാശ സഞ്ചാരികള്‍ എങ്ങനെ അവിടെ ഭക്ഷ്യവസ്തുക്കളുണ്ടാക്കി അതിജീവനം നടത്തുമെന്ന കാര്യം വിശദീകരിക്കുന്നില്ലെന്ന്, സേഥി ( SETI ) യില്‍ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ റുമ്മെല്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ഒട്ടേറെ പഴുതുകള്‍ നാസയുടെ പദ്ധതിയിലുണ്ട്. സുപ്രധാനമായ വിശദാംശങ്ങളുടെ കാര്യത്തില്‍ നാസയുടെ രേഖ ദുര്‍ബലമാണെന്ന് ചില വിദഗ്ധര്‍ കരുതുന്നു. 'NASA's Journey to Mars: Pioneering Next Steps in Space Exploration' എന്ന പേരിലുള്ള രേഖ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. 'നേടിയെടുക്കാവുന്ന ലക്ഷ്യം തന്നെയാണ് ചൊവ്വ'യെന്ന് നാസ വിശ്വാസം പ്രകടിപ്പിക്കുന്നു.