ചൊവ്വയില്‍ ജീവസാന്നിധ്യത്തിന് ശാസ്ത്രലോകത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി സൂചന. ഗ്രഹത്തില്‍ മീഥേന്‍ വാതകത്തിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ചൊവ്വയില്‍ ഇറക്കിയ ക്യൂരിയോസിറ്റി റോവര്‍ എന്ന റോബോട്ടിക് പേടകമാണ് ചൊവ്വ പ്രതലത്തില്‍ മീഥേന്‍ സാന്നിധ്യം സ്ഥിരീകരിച്ചത്. എന്നാല്‍, വാതകത്തിന്റെ ഉറവിടം എവിടെനിന്നാണെന്നത് വ്യക്തമായിട്ടില്ല.
ഭൂമിയില്‍ മുഖ്യമായും ജീവികളില്‍നിന്നാണ് മീഥേന്‍ ഉണ്ടാവുന്നത്. അതിനാലാണ് ചൊവ്വയില്‍ സൂക്ഷ്മരൂപത്തില്‍ ജീവനുണ്ടായിരുന്നിരിക്കാം എന്ന് ശാസ്ത്രലോകം സംശയം പ്രകടിപ്പിക്കുന്നത്. ഒരുപക്ഷെ ഇപ്പോഴും ഇത്തരത്തില്‍ ജീവന്‍ ചൊവയിലുണ്ടാകാമെന്നും ചിലര്‍ വാദിക്കുന്നുണ്ട്. എന്നാല്‍, പെട്ടെന്ന് മീഥേന്‍ സാന്നിധ്യം കൂടിയതോതില്‍ ഉണ്ടാവാനും ആഴ്ചകള്‍കൊണ്ട് അപ്രത്യക്ഷമാവാനും കാരണമെന്തെന്നത് ഗവേഷകരെ കുഴക്കുകയാണ്.
അമേരിക്കാ ജേണല്‍ സയന്‍സിലാണ് 2012 മുതല്‍ ചൊവ്വാപ്രതലത്തില്‍ പര്യവേക്ഷണം നടത്തുന്ന റോവറിന്റെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. മീഥേന്‍ സാന്നിധ്യം ചൊവ്വയില്‍ ജീവന്‍ കണ്ടെത്തിയതിന്റെ തെളിവായി കണക്കാക്കാനായിട്ടില്ലെന്ന് നാസാ ശാസ്ത്രജ്ഞന്‍ ജോണ്‍ ഗ്രോസിങ്കര്‍ പറഞ്ഞു. ''ആവേശകരമായ കണ്ടെത്തലാണിത്. റോവര്‍ ചൊവ്വയിലെ പാറകള്‍ തുളച്ച് ശേഖരിച്ച വസ്തുക്കളില്‍ കണ്ടെത്തിയ മീഥേന്‍ സാന്നിധ്യം ഗ്രഹത്തില്‍ മുമ്പോ ഇപ്പോഴോ ജീവന്‍ നിലനില്‍ക്കുന്നതിന്റെ സൂചനകളാവാം. എന്നാല്‍, ഇക്കാര്യം ഉറപ്പിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്'' - ഗ്രോസിങ്കര്‍ വ്യക്തമാക്കി.