അക്രമത്തിന് ദൈവത്തെ കൂട്ടുപിടിക്കരുതെന്ന് മാര്‍പ്പാപ്പ

Webdunia
തിങ്കള്‍, 26 മെയ് 2014 (16:13 IST)
അക്രമങ്ങള്‍ക്ക് ദൈവത്തിന്റെ നാമം ദുരുപയോഗിക്കരുതെന്ന സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. മിഡില്‍ ഈസ്റ്റ് പര്യടനത്തിലെ അവസാന ദിവസം മതസൗഹാര്‍ദ്ദത്തിന് ഊന്നല്‍ നല്‍കി സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

വിശുദ്ധ നാട് സന്ദര്‍ശനത്തിന്റെ ഭാഗമായി ജറുസലേം പുരാതന നഗരത്തിലെ പ്രധാന ജൂത, മുസ്ലീം തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  മറ്റു മതസ്ഥരെ സഹോദരീ സഹോദരന്മാരായി കണ്ട് പരസ്പരം മാനിക്കുന്നതിനും സ്‌നേഹിക്കുന്നതിനും ജൂത, മുസ്ലീം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തയ്യാറാകണമെന്നും അപരന്റെ വേദന മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു.

ജറുസലേം സന്ദര്‍ശനത്തിനു ശേഷം ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷഭൂമിയായ യാദ് വഷെമിലെ ഇസ്രയേലിന്റെ ദേശീയ സ്മാരകവും സന്ദര്‍ശിച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസിപ്പട കൊന്നൊടുക്കിയ അറുപതു ലക്ഷത്തോളം ജുതന്മാരുടെ സ്മാരക ഭൂമിയായ യാദ് വഷെമില്‍ ആണ് പോപ്പ് സന്ദേര്‍ശനം നടത്തിയത്.

ഇസ്രയേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിനെയും പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂവിനെയും സന്ദര്‍ശിച്ച ശേഷമാണ് പോപ്പ്  എത്തിയത്. വത്തിക്കാന്‍ സന്ദര്‍ശിക്കാന്‍ പലസ്തീന്‍, ഇസ്രായേല്‍ രാഷ്ട്രത്തലവന്മാരെ പോപ്പ് പര്യടന വേളയില്‍ ക്ഷണിച്ചിരുന്നു. ഇരുവരും ഇതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്